Ind disable
Powered by Blogger.
Showing posts with label കുറിപ്പ്. Show all posts
Showing posts with label കുറിപ്പ്. Show all posts

Sunday, April 10, 2011

സ്വപനസാക്ഷാത്കാരം

ആരാണാവോ മലയാള ഭാഷ കണ്ടുപിടിച്ചത്.എഴുത്തഛചനാശാനേ എന്നോട് ക്ഷമിക്കൂ.ഹൃദയത്തിലെ വേദനകൊണ്ട് ചോദിച്ചു പോയതാണ്.ഞാനിന്ന് പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു അവസ്ഥയിലാണ്.സന്തോഷമാണോ അതോ ദുഃഖമാണോ..ഒന്നും എനിക്കറിയില്ല.ഒന്നു പറയാം എന്റെ ഒരു സ്വപ്ന സാക്ഷാത്കാരത്തിന്റെ ദിനമാണിന്ന്.ചിറകറ്റ സ്വപ്നങ്ങള്‍ക്ക് പുനര്‍ചിറകു നല്‍കിയവരോട് മനസ്സു തുറന്ന് ഒരു വാക്ക് പറയാന്‍ മലയാളത്തില്‍ ഒരു വാക്കിനു വേണ്ടി തപസ്സിരിക്കേണ്ടി വന്നല്ലോ.നിലവേരുണങ്ങിപ്പോയ ശിഖരങ്ങള്‍ കരിഞ്ഞു കൊണ്ടിരിക്കുന്ന ഒരു പടുവൃക്ഷമായിരുന്നു ഞാന്‍.ഇലകളും പൂക്കളും കനികളുമില്ലാതെ ഏതു നിമിഷവും നിലംപൊത്താറായ എന്റെ ജീവിതത്തിലേക്ക് ബ്ലോഗറായ മൈന ഉമൈ ബാന്‍ കടന്നു വരുന്നത്.കൈ വിട്ടു പോയ അക്ഷര കനികളെ തേടിയുള്ള അലച്ചിലിനിടയില്‍ ചന്ദനഗ്രാമം എന്ന മൈനയുടെ നോവലിലൂടെയാണ് അതിനു വഴി തെളിഞ്ഞത്.ആ പുസ്തകത്തില്‍ കണ്ട അഡ്രസ്സില്‍ ഒരു കത്തെഴിതി.പ്രിയപ്പെട്ട മൈനാ.."ഞാന്‍ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത്‌ ഐക്കരപ്പടി എന്ന സ്‌ഥലത്താണ്‌ താമസിക്കുന്നത്‌. എനിക്ക്‌ ചെറുപ്പം മുതലുള്ള ശീലമാണ്‌ വായന. എന്ത്‌ കിട്ടിയാലും വായിക്കണമെന്നുള്ള ആഗ്രഹക്കാരനായിരുന്നു ഞാന്‍. ഞാനൊരു ഡ്രൈവറായിരുന്നു. എങ്കിലും എല്ലാജോലിക്കും പോകുമായിരുന്നു. കിട്ടുന്ന കൂലിയില്‍ പകുതുയുല്‍ ഏറിയപങ്കും പുസ്‌തകങ്ങള്‍ വാങ്ങാന്‍ ചെലവഴിക്കുമായിരുന്നു.
ഇതൊക്കെ പറയാന്‍ കാരണം ഞാന്‍ ജോലിചെയ്യുന്നതിനിടയില്‍ മരത്തില്‍ നിന്നും വീണ്‌ നട്ടെല്ലിന്‌ ക്ഷതം പറ്റി അരക്ക്‌ താഴെ ചലനമില്ലാതെ മൂന്നു വര്‍ഷമായി കിടപ്പിലാണ്‌. ഇപ്പോള്‍ എനിക്ക്‌ പുസ്‌തകം വാങ്ങാന്‍ യാതൊരു വിധ മാര്‍ഗ്ഗവുമില്ല. വായനമാത്രമാണ്‌ ആകെയൊരാശ്വാസം. അതു കൂടി നഷ്ടപ്പെടുന്ന അവസ്ഥയാണ്‌.............ഒരു പുസ്‌തകം വായിക്കുമ്പോള്‍ ഒരു നല്ല സുഹൃത്തിനെ ലഭിക്കുന്നു. അങ്ങിനെ കിട്ടിയ ഒരു സുഹൃത്തെന്ന നിലക്ക്‌ ഞാന്‍ അപേക്ഷിക്കുകയാണ്‌ മറ്റ്‌ രചനകള്‍ ഉണ്ടെങ്കില്‍ അയച്ചുതന്ന്‌ എന്നെ സഹായിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു."
ഈ കത്തു കിട്ടിയ മൈന എന്നെ ഫോണില്‍ വിളിച്ചു വിവരങ്ങള്‍ അന്യേഷിച്ചു.അങ്ങിനെ അവര്‍ അവരുടെ ഒരു പുസ്തകവും കുറെ ലേഖനങ്ങളുടെ ഫോട്ടോസ്റ്റാറ്റും അയച്ചു തന്നു.പിന്നെ എന്റെ കത്ത് ബ്ലോഗില്‍ ഇടട്ടെ എന്നു ചോദിച്ചു.ബ്ലോഗ് എന്താണ് മെയില്‍ എന്താണ് ഒന്നും എനിക്കറിയില്ലായിരുന്നു.എങ്കിലും ഞാന്‍ സമ്മതം കൊടുത്തു പുസ്തകങ്ങള്‍ കിട്ടുമല്ലോ എന്ന സന്തോഷത്തില്‍.മൈനയുടെ ആ ബ്ലോഗ് വായിച്ച നല്ലവരായ സുഹൃത്തുക്കള്‍ കുറെ പുസ്തകങ്ങള്‍ അയച്ചു തന്നു.അവര്‍ തന്നെ എന്നെ വന്നു കണ്ട്.അവര്‍ വീണ്ടും എന്നെ പറ്റി ബ്ലോഗില്‍ എഴുതി.അങ്ങിനെ കയറിക്കിടക്കാന്‍ ഒരു തരി മണ്ണോ ഒരു കൂരയോ ഇല്ലാത്ത എനിക്ക് ഒരു വീടിനു വേണ്ടി ശ്രമം തുടങ്ങി.വളരെ പെട്ടെന്നു തന്നെ ആ ശ്രമം വിജയിക്കുകയും ചെയ്തു.അങ്ങിനെ എനിക്ക് ഒരു വീടായി.

 ഇതു മുമ്പ് കുറെ സംഘടനകള്‍ സഹായിക്കാന്‍ വന്നിരുന്നു.അവരൊക്കെ സഹായത്തിന്‌ നിബന്ധനകള്‍ വെയ്‌ക്കുന്നവര്‍ മാത്രമായിരുന്നു.എന്റെ ദൈന്യം പകര്‍ത്താന്‍ ഒരു ചാനല്‍ സംഘം എത്തിയ ദിവസമാണ്‌ അത്‌ സംഭവിച്ചത്‌. അരിയും പല വ്യഞ്‌ജനങ്ങളുമായി വന്ന മറ്റൊരു കൂട്ടരും അപ്പോള്‍ അവിടെയുണ്ടായിരുന്നു. അവര്‍ അന്ന്‌ മുഖം കറുപ്പിച്ചാണ്‌ പുറത്തേക്ക്‌ പോയത്‌. രണ്ട്‌ ദിവസം കഴിഞ്ഞ്‌ അവര്‍ വീണ്ടും വന്നു.
അവര്‍ പറഞ്ഞു, ചാനലും ആഴ്‌ചപ്പതിപ്പും ബ്ലോഗുമൊന്നും ദൈവമല്ല. പാലിയേറ്റീവ്‌ ക്ലിനിക്കും ദൈവമല്ല. ദൈവത്തോട്‌ പ്രാര്‍ഥിക്കണം. ദൈവമാണ്‌ നമുക്ക്‌ എല്ലാം തരുന്നത്‌. ഈ പുസ്‌തകങ്ങളൊക്കെ തരുന്നവരോട്‌ അതിന്‌ പകരം വല്ല അരിയും പച്ചക്കറിയുമൊക്കെ കൊണ്ടുവരാന്‍ പറഞ്ഞുകൂടെ? ഈ പുസ്‌തകങ്ങള്‍ വായിച്ചിട്ട്‌ എന്ത്‌ കിട്ടാനാണ്‌?ഇതൊക്കെയായിരുന്നു അവരുടെ നിബന്ധനകള്‍.പക്ഷെ ഇതൊന്നുമില്ലാതെ ജാതിയോ മതമോ നോക്കാതെ xഓ yഓ ഒന്നും അന്യേഷിക്കാതെ ഇത്രയും വലിയ കാരുണ്യം എന്നോട് കാണിച്ച ജീവിതത്തില്‍ മറക്കാനാവാത്ത ഈ മനുഷ്യ സ്നേഹികളോട് എന്തു പറയണമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ് ഞാന്‍.ദൈവമേ ഈ നിമിഷം നീയൊരു പുതിയ വാക്ക് ഇവരോട് പറയാനായി നീ സൃഷ്ടിച്ചെങ്കില്‍ ഞാനെത്ര ധന്യവാനായിരുന്നു.ദൈവാനുഗ്രഹം എങ്ങനെ കിട്ടുമെന്നും ദൈവം എങ്ങിനെ പ്രത്യക്ഷപ്പെടുമെന്നും എന്നോട് ചോദിച്ചാല്‍ നിസംശയം ദൈവഭയഭക്തിയോടെ ഈ മനുഷ്യസ്നേഹികളെ ഞാന്‍ ചൂണ്ടിക്കാണിക്കും.പ്രിയ മനുഷ്യസ്നേഹികളെ കാരുണ്യ നിധികളെ (ഞാന്‍ ആരേയും പേരെടുത്തു പറയുന്നില്ല.കാരണം ആരെയെങ്കിലും വിട്ടു പോകുമോ എന്ന് കരുതിയിട്ടാണ്)എനിക്കറിഞ്ഞുകൂടാ...എങ്ങനെയാ, ആര്‍ക്കൊക്കെയാ നന്ദി പറയേണ്ടതെന്ന്..അതിന് ഏതു വാക്കാണ് വേണ്ടതെന്ന്. ഭാഷയുടെ പരിമിതിയോര്‍ത്ത് ദുഖിക്കുന്നു.എന്നാലും ഈ അല്പജ്ഞാനിയുടെ ഹൃദയത്തിലെ നന്ദി നിങ്ങളെല്ലാവരേയും അറിയിക്കുന്നു.കൂടാതെ ഈ വരുന്ന പതിനേഴിന് പുതിയ വീടു താമസത്തിലേക്ക് നിങ്ങളെല്ലാവരേയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.ഒരിക്കല്‍ കൂടി നന്ദി.

Read more...

Saturday, April 2, 2011

ഒരു ഫൂള്‍ ഡേ

തമാശകളും പറ്റിക്കലും എല്ലാം ഒരു രസം തന്നെയാണ്.പക്ഷെ അത് എപ്പോള്‍ ആരുടെ അടുത്ത് പ്രയോഗിക്കണം എന്നത് വളരെ ഗൗരവമായി തന്നെ ശ്രദ്ധിക്കണം.അല്ലെങ്കില്‍ ചില താമാശകള്‍ വരുത്തിവെക്കുന്ന വിന വളരെയധികം വലുതായിരിക്കും.ഇന്ന് നമുക്ക് എല്ലാം ആഘോഷങ്ങളാണ്.ഓരോ ദിവസത്തിനും ഓരോ ദിനപ്പേരും അതിനായി നാം കണ്ടെത്തിയിരിക്കുന്നു.മേയ്ദിനം മുതല്‍ ചരമദിനം വരെ.അതില്‍പ്പെട്ട ഒരു ദിനം ഇന്നലെ കഴിഞ്ഞു പോയി.വിഢ്ഡിദിനം.എന്തിനാണ് ഇങ്ങനെയൊരു ദിനം നാം ആഘോഷിക്കുന്നത്..? സത്യത്തില്‍ നാം വിഢ്ഡികളാണോ..?ഏപ്രില്‍ ഒന്ന് നമുക്ക് വിഢ്ഡികളാകുനുള്ള ദിവസമാണോ..?അങ്ങിനെയാണെങ്കില്‍ ഒരു പ്രത്യേക ദിവസമെന്തിന് നമ്മള്‍ എന്നും വിഢ്ഡികളല്ലേ..(ആരും എന്നെ കാല്ലെറിയല്ലേ ഞാനൊന്നു പറഞ്ഞോട്ടെ)ദൈവം നമുക്ക് തന്ന സമ്പത്ത്,സ്വധീനം,സൗന്ദര്യം,ശക്തി,ബുദ്ധി,ഇവയൊക്കെ കണ്ടു നാം അഹങ്കരിക്കുന്നത് തന്നെ ഒരു വിഢ്ഡിത്വമല്ലേ.ഇതൊന്നും ഇല്ലാതാക്കാന്‍ ആ ദൈവത്തിനു ഒരു നിമിഷം പോലും വേണ്ട.അതിനു ഉദാഹരണമായി നാം എന്തെല്ലാം കാണുന്നു.ഈ ഏപ്രില്‍ ഒന്നിനു ഞാന്‍ കണ്ട ഒരു ഏപ്രിഫൂള്‍.ആ ഫൂളാക്കലില്‍ എത്ര പേര്‍ ചിരിച്ചെന്നറിയേണ്ടേ.ഒരു കുടുംബം. അല്ല അനേകം കുടുംബമാണ് പൊട്ടിക്കരഞ്ഞത്.തൊട്ടടുത്ത വീട്ടിലെ കുടുംബനാഥനെ ഫൂളാക്കി എന്നന്നേക്കുമായി ഉറക്കി കിടത്തി.ഇനി ഒരിക്കലും അയാള്‍ വിഢ്ഡിയാവുകയില്ല അതുറപ്പാണ്.ബുദ്ധിയുള്ളവരുടെ ലോകത്ത് വിഢ്ഡിയാക്കപ്പെടുകയില്ലല്ലോ.ഏപ്രില്‍ ഒന്നിനു രാവിലെ വീട്ടിലേക്ക് വന്ന ഫോണില്‍ തന്റെ കാലന്‍ കുടിയിന്നത് പാവം ആ മനുഷ്യന്‍ അറിഞ്ഞില്ല.കല്യാണം കഴിഞ്ഞു ഒരു വര്‍ഷത്തിനിടയില്‍ രണ്ടു പ്രാവശ്യം തെറ്റിപ്പിരിഞ്ഞു വന്ന മകളെ നാട്ടുകാര്‍ ഇടപെട്ട് വീണ്ടും കൂട്ടി യോജിപ്പിച്ചു വിട്ടിട്ട് ഒരാഴ്ച ആവുന്നതേയുള്ളൂ.ആ വീടിന്റെ അയല്പക്കത്തു നിന്നുമാണ് ഫോണ്‍ വരുന്നത്.വിളിച്ചുപറഞ്ഞ കാര്യമോ...നിങ്ങളുടെ മകള്‍ തൂങ്ങി മരിച്ചിരിക്കുന്നു.നെഞ്ചില്‍ ഒരല്പം മെങ്കിലും സ്നേഹമുള്ള മാതാപിതാക്കള്‍ ഈ വാര്‍ത്ത കേട്ടാല്‍ എന്താകും അവസ്ഥ.നെഞ്ചു പൊട്ടി ചത്തു പോകും അല്ലേ.നടന്നതും അതു തന്നെ.വായിലെ വാക്കും കയ്യിലെ കല്ലും വിട്ടു കഴിഞ്ഞാല്‍ ആയുധമാണ്.ഇതു പോലെ എത്ര പേരെ ഫൂളാക്കി കിടത്തിക്കാണും ബുദ്ധിയുള്ളവര്‍ അല്ലെ.തമാശകള്‍ പറയുമ്പോഴും മറ്റുള്ളവരെ ഫൂളാക്കുമ്പോഴും ഒരല്പം ചിന്തിക്കു അത് അവരെ എങ്ങനെ ബാധിക്കുമെന്ന്.

Read more...