Ind disable
Powered by Blogger.
Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Tuesday, May 7, 2013

പിറവി

മനുഷ്യന്റെ പിറവിയെ കുറിച്ചു
വാ തോരാതെ പറയുന്ന
അവന്റെ മുഖത്തേക്കു ഞാന്‍
പുച്ഛത്തിലൊന്നു നോക്കി
എന്നിട്ട് മനസ്സില്‍ കട്ടിയിലൊരു
അടിവര കുത്തിക്കീറിയതിങ്ങനെ
ഇതിനായിരുന്നോ പടവാളും
പരിവാരങ്ങളുമൊത്ത് ഏന്തി
വലിഞ്ഞു പുറപ്പെട്ടത്.
വാചക കസര്‍ത്തു കഴിഞ്ഞ്
അവനരുളി ഇനി മുന്നോട്ട്.
ഉരുണ്ട് വലിഞ്ഞ് ഞാനും കുതിച്ചു
മുന്നോട്ടെങ്കില്‍ മുന്നോട്ട്.
പിറവിയുടെ താഴ്വേരു മാന്തി
പുറത്തേക്കെറിഞ്ഞപ്പോള്‍
അവ്യക്തമായ മനസ്സു മന്ത്രിച്ചു
മനുഷ്യാ നീ എത്ര നിസാരന്‍.
കാലചക്രത്തിന്റെ മായികതയില്‍
ബീജവും അണ്ഡവും ഒന്നായി
ചേര്‍ന്നുരുത്തിരിഞ്ഞ രൂപ-
ഭാവഭേദങ്ങളില്ലാത്ത നിഷ്ക്രിയന്‍.
രണ്ടാമന്റെ ഊഴവും കഴിഞ്ഞു
അപൂര്‍ണ്ണമായ ജീവിതത്തിന്റെ
ഭ്രാന്തമായ ചിന്തകള്‍ എന്നെ
വീണ്ടും മുന്നോട്ടു തള്ളി.
കണ്ണും,ചിവിയും,സുശിരങ്ങള്‍
വീണ ശ്വാസകോശവുംകലങ്ങി
വീര്‍ത്ത കരളും കണ്ടപ്പോള്‍
വാരിയെല്ലുകള്‍ക്കിടയിലൂടെ
നിസ്വാര്‍ത്ഥതയുടെ തീചൂളയില്‍
ഉരുകുന്ന നൊമ്പരങ്ങളില്‍
ഭയപ്പാടിന്റെ ഏകാന്തതകണ്മുന്നില്‍
തിരശീലയിലെന്നപോലെ തെളിയുന്നു.
ചതിയും ചതിക്കുഴികളും തീര്‍ത്ത്
വേടന്റെ ക്രൗര്യമുഖത്തോടെ ഞാന്‍
കാത്തിരുന്നപ്പോഴൊന്നും ചിന്തിച്ചില്ല
ഞാന്‍ വാരിക്കുഴികള്‍ തീര്‍ത്തതു
എനിക്കു അധഃപതികാനാണെന്ന്.
എന്റെ നിസാരത ദൃശ്യമാധ്യമം പോലെ
മൂടുപടത്തിനു പുറത്തേക്ക് കുതിച്ചപ്പോല്‍
അവ്യക്തമായ മനസ്സു മന്ത്രിക്കുന്നു
മനുഷ്യാ നീ എത്ര നിസാരന്‍.
അവസാനത്തവന്റെ ഇപ്പുറത്തുള്ളവന്‍
ശാന്തതയിലും സൗമ്യതയിലും
അതിലേറെ വിനയംനടിച്ചെന്നോട്
നിനക്കുള്ള രണ്ടാം ഭവനം അപ്പുറ-
ത്തിരിപ്പുണ്ടു നിന്നേയും കാത്തിട്ട്
ഞാനങ്ങോട്ടുരുള്ളാന്‍ മെല്ലേയൊന്നു
മടിച്ചെങ്കിലും എന്റെ ആത്മാവു
എന്നെ വിട്ടിറങ്ങി മണ്ണില്‍ കുഴിച്ച
രണ്ടാം ഭവനത്തിന്‍ വക്കിലിരുന്ന്
എന്നെ നോക്കി വിലപിക്കുന്നു
മനുഷ്യാ നീ എത്ര നിസാരന്‍.

Read more...

Saturday, April 27, 2013

വെറുപ്പ്

വെറുപ്പാണ്
പിടയുന്ന ഹൃദയത്തിനോടും
ഉരുകിയൊലിക്കുന്ന
കണ്ണുനീരിനോടും
വെറിപൂണ്ട് നിണം
ഒഴുകും കാമത്തിനോടും.

ശവം തീനികളാണ്
എനിക്കു ചുറ്റിലും
കഴുകക്കണ്ണുകളാണ്
കാലുറക്കാത്ത എന്റെ
തളിര്‍മേനിയിലും.

വെറുപ്പാണു
എന്റെ മാംസം
പച്ചയ്ക്കു തിന്നവരോടും
അഞ്ചോ അറുപതെന്നോ
വിത്യാസമില്ലാത്തവരോടും.

എന്റെ രോദനങ്ങള്‍
അതെന്റേതു മാത്രം
ഞാനെത്രെ കരഞ്ഞാലും
കേള്‍ക്കില്ലതാരും തന്നെ
ദയകാണിക്കില്ലപ്രപഞ്ചം.

വെറുപ്പാണ്
ജീവിതമറിയാത്ത
മുലപ്പാലിന്റെ ഗന്ധം
വിടാത്ത എന്നില്‍
കാമം തീര്‍ത്തവരോട്
സുശിരങ്ങള്‍ വീണൊരു
നിയമ ലിഖിതങ്ങളോട്.....!!!

Read more...

Tuesday, April 23, 2013

മഴ

ആകാശത്തിന്റെ
നീലിമയില്‍
പരന്നൊഴുകുന്ന
മേഘച്ചീളുകള്‍
മൊല്ലെയൊന്നു
ചാറിയിരുന്നെങ്കില്‍.

ചാട്ടുളിവീശി മരങ്ങള്‍
വെട്ടിമാറ്റുമ്പോഴും
ഓര്‍ത്തില്ല നാമിന്ന്
ദാഹമകറ്റാന്‍ ഒരു
തുള്ളി നീരിനലയുമെന്ന്.

മലകള്‍ പിഴിതെടുത്തു
വയലില്‍ കുടിയിരുത്തി
അപ്പോഴുമോര്‍ത്തില്ല
ദാഹമകറ്റാനൊരു
തുള്ളി നീരിനലയുമെന്ന്.

കണ്ടലും അരുവിയും
നൂഞ്ഞലും ചതുപ്പും
ഇനി നമുക്കൊന്തിനു
അവയൊക്കെ മണ്ണിട്ടുമൂടി
കെട്ടിടം പ്രതിഷ്ഠിക്കാം.

കീറത്തുണിയില്‍ ഛായംതേച്ച്
തൊണ്ടപൊട്ടും ഉച്ചത്തിലലറാം
ദാഹമകറ്റാന്‍ വെള്ളമില്ല
കുടിവെള്ളം നല്‍കൂ സര്‍ക്കാരേ!!

Read more...

മാതൃത്വം

നിന്റെ ഓരോ കുതിപ്പും
എന്നിലേക്കുള്ള ദൂരത്തിന്‍
ആക്കം കൂടികൊണ്ടിരു-
ന്നപ്പോഴും ഞാന്‍
നിന്നോടടുത്തു.
ബന്ധം മറന്ന് സ്നേഹം
വറ്റിത്തുടങ്ങിയപ്പോള്‍
നിനക്കു ജന്മം നല്‍കിയ
മാതൃത്വത്തെ നീ മറന്നു.
എന്നിട്ടും ഞാന്‍ നിനക്ക്
മുള്ളിലും കല്ലിലും,
ചൂടിലും തണുപ്പിലും
കാവലിരുന്നു.
നിന്നിലേക്കെയ്യുന്ന
ശരങ്ങളെല്ലാം എന്റെ
മാറില്‍ ഏറ്റുവാങ്ങി.
അപ്പോഴും
കാമിനിതന്‍ വാക്കിനാല്‍
എന്റെ ഹൃദയത്തിനായ്-
നീ കേണു.
മടിയൊന്നുമില്ലാതെ
കരള്‍ പറിച്ചു കയ്യില്‍ തന്നു.
കാലൊന്നിടറി നീ വീണപ്പോള്‍
പിടിവിട്ടു പോയ എന്റെ
ഹൃദയമപ്പോഴും നീന്നോട്
ചോദിച്ചു മകനെ
നിനക്കു വല്ലതും പറ്റിയോ??

Read more...

Sunday, April 21, 2013

യാത്രാമൊഴി.

രാത്രി കൂടെ കിടന്നവളെ നിദ്രയുടെ
കയത്തിലേക്കൊന്നു ആഞ്ഞു തള്ളി.
വീഴ്ചയുടെ ആഴം ഞരക്കവും മൂളലുമായി
കര്‍ണ്ണത്തില്‍ പതിക്കും വരെ കാത്തിരുന്നു.

ഹൃദയമിടിപ്പും ശ്വാസവും കയ്യില്‍ മുറുകെപ്പിടിച്ചു
പാത്തുംപതുങ്ങിയും പാദങ്ങള്‍ ചലിച്ചു
ഇരുളിന്റെ വാതില്‍പ്പാളി മെല്ലെ തുറന്നു
നെഞ്ചിലെ നെരിപ്പോടൊന്നു ഊതി ജ്വലിപ്പിച്ചു
കണ്ണിന്റെ കാഴ്ചകള്‍ക്ക് വഴികാട്ടിയായി.

ഹൃദയത്തില്‍ ഇടിയുംമിന്നലും പെരുമ്പറ കൊട്ടി
താളം തെറ്റിയ പേമാരിയുടെ വരവറിയിച്ചു
എങ്കിലും പകച്ചില്ല മുന്‍പോട്ടാഞ്ഞ പാദം
ഇന്നലെയുടെ ഓര്‍മ്മകള്‍ കഴുകിമിനുക്കി
കാലം അറുത്തെടുത്ത സ്വപ്നച്ചിറകു തേടി
ഈ നിമിഷംവരെ കുടിയിരുന്ന സ്വതം മറന്നു
പടിയിറങ്ങി യാത്രാമൊഴികളില്ലാതെ!!!!!!!!!!.





Read more...

Saturday, April 20, 2013

പിന്നിട്ട വഴികള്‍

പിന്നിട്ട വഴികള്‍

പിന്നിട്ട വഴികള്‍ ഓര്‍ക്കാതിരിക്കാന്‍
മനസ്സ് അറിയാതെ ശ്രമിക്കാറുണ്ടെങ്കിലും
കൈപിടിച്ചു നടത്താന്‍ കണ്ണുള്ളപ്പോള്‍
പിന്നാലെ ചെന്നല്ലെ മതിയാകൂ.

നഷ്ടസ്വപ്നങ്ങളുടെ മുഖത്തിട്ട തുണി നീക്കി
ചിന്നിച്ചിതറിയ മുഖരൂപമില്ലാത്ത കാഴ്ചതന്‍
പിന്‍ വിളികേള്‍ക്കുമ്പോള്‍ ഹൃദയത്തില്‍
വിധിയെ വധിക്കാന്‍ ശരങ്ങള്‍ തൊടുക്കുന്നു.

സ്വപ്നങ്ങള്‍ വിറ്റതിന്‍ ലാഭം പകുത്താന്‍
ചുറ്റിനും ബന്ധങ്ങളുടെ വാള്‍മുനകള്‍
വെയിലിന്‍ നാളങ്ങളാല്‍ ഉരുകിയൊലിക്കുന്ന
വിയര്‍പ്പിന്‍ നാറ്റം അപ്പോഴുമവര്‍ക്കരാചകത്വം.

ഇന്നിന്റെ സ്വപ്നങ്ങള്‍ അവ്യെക്തമായ കാഴ്ചകള്‍
വിലപേശലുമില്ല ലാഭക്കൊതിയരുമില്ല.
ഇന്നെന്റെ കൂട്ടിനു മുനയൊടിഞ്ഞ പെന്‍സിലും
ഒരു തുണ്ട് പേപ്പറും നിറം മങ്ങിയ കാഴ്ചകളും.



Read more...

ഇഷ്ടം

ഒരു നാളും പറയാതെ
ഹൃദയത്തില്‍ കുറിച്ചുള്ള
പ്രണയത്തിന്‍ ഭാഷയാണിതു.
കണ്ണുനീരായ്,കേള്‍ക്കാനായ്
പലവട്ടം അണഞ്ഞിട്ടും
പറയാതെന്‍ പ്രണയം
ഒരുപിടി ചാരമായ്.
നിറക്കണ്ണാലെന്നെയന്നു
പിരിഞ്ഞുപോയി നീ.
വേദനയില്‍ ഹൃദയം പൊട്ടി കരഞ്ഞുപോയ്
എന്റെ ഇഷ്ടം മൊഴിഞ്ഞില്ലെങ്കിലും
നിന്റെ മോഹം പറയാതങ്ങുപോയ്
ഇനി നാം കാണുമോ,
കിനാക്കള്‍ പൂക്കുമോ????
ഒരു തിരശീലക്കപ്പുറം നീ
പിടയുന്നയീ വാക്കുകള്‍
കണ്ടു നിന്‍ കണ്‍തടങ്ങള്‍
നിറയുന്നുണ്ടെന്നറിയാമെനിക്ക്
എങ്കിലും പറയാതിരിക്കാന്‍ വയ്യെനിക്ക്
ഒരിക്കെലെങ്കിലും പറയുമോ
ഇഷ്ടമായിരുന്നെന്ന്.....

Read more...

പ്രണയം

എന്റെ ജീവന്റെ തുടിപ്പില്‍
ഗാഢമായൊരു സത്യമുണ്ട്
അതാണെന്റെ ഹൃദയത്തിലെ
നിന്നോടുള്ള പ്രണയം

എനിക്കുനീ നഷ്ടമായപ്പോള്‍
എന്റെ ഹൃദയം മുറിഞ്ഞിരുന്നു
വേദനിച്ചപ്പോള്‍ എന്റെ
കണ്ണുകള്‍ നിറഞ്ഞൊഴുകിയിരുന്നു

പ്രണയം മരിച്ച എന്റെ ഹൃദയം
മരുഭൂമിയിലെ മണല്‍ തരികളായ്
ഓരോ കാറ്റിനും ഗതിമാറുന്നു
ഞാനൊരു ജഡമാകും വരെ.

Read more...

Monday, November 7, 2011

അഗ്നി

ആദ്യ കാഴ്ചയില്‍ തന്നെ
നീ യൊരഗ്നിയാണെന്നറിഞ്ഞു
കലാലയ യവനികയിലും നീ തന്നെ
അഗ്നിത്തിളക്കമായി
നിന്നിലേക്കടുക്കാനുള്ള
വഴികളിലെല്ലാം കനലെരിഞ്ഞു
പ്രണയത്തിലും നീ തീ മഴ പെയ്തു
കതിര്‍ മണ്ഡപത്തിലും
എഴുതിരി വിളക്കിനേക്കാളിരട്ടി വെളിച്ചം
ഒടുവില്‍ ജീവന്റെ
താളപ്പിഴവിലും നീയൊരഗ്നിയായി.

Read more...

Wednesday, February 16, 2011

സ്നേഹപൂര്‍വ്വം മകള്‍ക്ക്

ഒരു നീണ്ട യാത്രതന്‍

ശേഷമായെത്തിയ

ഇളംതെന്നലിന്‍ കുളിര്‍മ്മയില്‍

കണ്മുന്നില്‍ തെളിഞ്ഞുവോ..

സുഖമുള്ളരോര്‍മ്മയായ്

ജീവിതത്താളുകള്‍.


ഓര്‍മ്മയിലോരോന്നെഴുതിത്തുടങ്ങി ഞാന്‍.

തെളിയുന്ന ദൈന്യത

കുത്തിക്കുറിച്ചു ഞാന്‍.

ഭാഷയ്ക്കു ശുദ്ധി-

ല്ലക്ഷരവടിവില്ല.

കഥയോ?ഇതു കവിതയോ..?

അറിയില്ല,എനിക്കറിയില്ല.


ഞാനൊരക്ഷരജ്ഞാനിയല്ല

കൂട്ടരെ,ഞാനൊരു കവിയല്ല.

ജീവനില്‍ തൊട്ടൊരു വേദനപ്പാടുകല്‍

നിങ്ങളോടോതുകയാണു ഞാന്‍.


എന്റെ ഒരേയൊരു മകള്‍

സ്നേഹാര്‍ദ്രയായ മകള്‍

സൂര്യോദയത്തിന്റെ കാന്തിയും

ചെമ്പനീര്‍ പുഷ്പത്തിന്റെ ശോഭയും

ഒരുമിച്ചു കിട്ടിയ മകള്‍

നിഷ്ക്കളങ്കതയുടെ നിറകുടമായവള്‍.


എന്റെ ഹൃദയത്തിന്‍ തിരുമുറ്റത്തു

സ്നേഹോല്‍സവം തീര്‍ത്തവള്‍

കുഞ്ഞുകരംകൊണ്ടെന്‍

വിരല്‍തുമ്പു പിടിച്ചു

പിച്ചവെച്ചൊരോമനാള്‍ കുഞ്ഞു മകള്‍.


കുഞ്ഞരിപ്പല്ലുകള്‍ കാട്ടിയുള്ള പുഞ്ചിരിയും

നെഞ്ചിലെ ചൂടുപറ്റി നിദ്രയില്‍ പൂണ്ടതും

താമരപൂവിതള്‍ പോലുള്ളധരങ്ങളാല്‍

ചുംബനം തന്നതും ചെറുതേന്‍ പുരട്ടിയതും

ഇന്നുമെന്റെ ഓര്‍മ്മയില്‍ തെളിയുന്നു.


ഓരോ ദിവസവും ഞാനറിയാതെന്റെ

ആത്മാവ് നിന്നെ തേടിയെത്തുന്നു

നീ കിടക്കും ശ്മശാനത്തിലെ മണ്‍കൂനയില്‍

അഛ്ചായെന്ന വിളിയൊന്നുകേള്‍ക്കാന്‍.


സ്നേഹിച്ചു ലാളിച്ചു കൊതി തീരു-

മുമ്പെന്നെ തനിച്ചാക്കി

ഉണരാത്ത നിദ്രയുടെ ആഴങ്ങളില്‍

മുങ്ങിയതെന്തിനു മകളെ.??

Read more...

Friday, February 11, 2011

ദുരന്തം



എത്രയോ ദുരന്തങ്ങള്‍ കണ്ടു ഞാന്‍
മഹാപ്രപഞ്ചത്തില്‍ മരണത്തിന്‍ മണം പേറി
നാലുകാലില്‍ ഇഴയുന്നു
ചിലര്‍ തപ്പിത്തടയുന്നു അന്ധരായ്
ദുരന്തപ്പൊരുള്‍ തേടി
അലയുന്നു ഏകനായി ഞാന്‍.

മര്‍ത്യന്റെ രക്തം കൊണ്ടു
തിളയ്ക്കുന്ന ഭൂമിയെ
പാപക്കറ കഴുകിക്കളയാന്‍
കലിതുള്ളുന്ന കടല്‍ത്തിരകള്‍.

കോടാനുകോടി മുപ്പത്തിമുക്കോടി
ദൈവങ്ങളേകസ്വരത്തിലരുളി
മത ജാതി ഭേതത്തില്‍ കലഹിക്കല്ലേ..

എന്നിട്ടെന്തു ഫലം ഭൂമിയില്‍
നാലുകാലുള്ള മൃഗങ്ങളില്‍ ചിലര്‍                       
രണ്ടുകാലില്‍ നിവര്‍ന്നു നിന്നങ്ങനെ
സംഹാരതാണ്ഡവമാടിത്തുടങ്ങി.
എല്ലാം കണ്ടുഞാന്‍ നഗ്ന നേത്രത്താല്‍.

ദുരന്തപ്പൊരുള്‍ തേടിയ ഞാനോ
ജാതി ഭേദത്തില്‍ കലഹിക്കെല്ലെന്നരുളിയ
ദൈവമോ പടു വിഢ്ഡി...?

Read more...

Sunday, December 19, 2010

ഭൂമിയില്‍ ഒരുയാത്ര

മേദിനി തന്‍ വിരിമാറിലൂടൊരു
ക്ഷിപ്രപ്രയാണം ചെയ്തു ഞാന്‍.
ഇണ്ടല്‍ ദുസഹമാം മനസ്സുമായി
നന്മയുടെ താഴ്വാരം തേടി യാത്രയായി.
നന്മ തന്‍ ആത്മാവ് വേരറ്റ
എന്‍ വിലാപങ്ങളില്‍
ഇരുട്ടിന്റെ കാളിമക്കര്‍ത്ഥം തേടി
ചെന്നുപെട്ടതൊരാഹവക്കളത്തില്‍.
അവിടെ കേട്ടതു സ്നേഹത്തിന്‍ മന്ത്രമല്ല
കര്‍ണ്ണകഠോരമാം ദുര്‍ഭിക്ഷരോദനം.
അവിടെയും കണ്ടതൊരമ്മ തന്‍ ലാളനയല്ല
നഗ്നമേനികള്‍ പിടയുന്ന രണഭൂമിയാണു.
വറ്റിവരണ്ട തൊണ്ട നനക്കുവാന്‍
തെളിനീരുറവയില്ല
നിര്‍ഘൃണര്‍ താണ്ഡവമാടിയ
മര്‍ത്യന്റെ രക്തപ്പുഴയാണു.

Read more...

Sunday, December 5, 2010

ദേവീ നിനക്ക് വന്ദനം

എന്റെ സ്വപ്നഗേഹം വീണുതകര്‍ന്നു
എന്റെ സ്നേഹത്തിന്‍ പാനപാത്രം
തച്ചുതകര്‍ത്തു കൂച്ചുവിലങ്ങിട്ടു
കരചരണങ്ങള്‍ ബന്ധിതമാക്കി.

കരുണയുടെ നിഴല്‍ വറ്റിച്ചു
കണ്ണിലഗ്നി ജ്വാല പടര്‍ത്തി
നിദ്രാവിഹീനമായി രാത്രിനീളുന്നു.

അനാഥത്വമില്ലാത്തൊരനാഥനായി
ജീവനില്ലാത്ത സ്വപ്നങ്ങളുമായി
ദുര്‍ബലമായൊരു അസ്ഥിപ്രമാണമായി
ഗേഹത്തിന്‍ ഇരുട്ടറയിലടച്ചു.

മഹാമൗനത്തിന്‍ ഭ്രാന്തമാം തടവറയില്‍
കദനക്കഥമൊഴിയുന്ന കണ്മണിയും ചാരത്തു
നടുവൊടിഞ്ഞൊരീമണ്ണില്‍ കിടന്നുപിടയുമ്പോള്‍
അക്കപ്പെരുക്കങ്ങളക്ഷരക്കൂട്ടങ്ങള്‍
ഇന്നെന്റെ സ്വപ്നത്തിന്‍ ചിറകുമുളപ്പിച്ചു.

അണുവിന്‍ പരമാണു സംക്രമസംയോഗത്താല്‍
അടര്‍ന്നു വീണിടത്തു നിന്നു വീണ്ടും
ഇന്നിതാ ഞാനുണര്‍ന്നു
നന്മയുടെ നറുതേനില്‍ ജ്ഞാനം ചാലിച്ച
അക്ഷരദേവിയെ വന്ദനം...നിനയ്ക്കു വന്ദനം.

Read more...

Friday, December 3, 2010

നീ അറിയാതെ

നീ അറിയാതെയാണെങ്കിലും
നിന്‍ സാമീപ്യമെന്നെ
പ്രണയാര്‍ദ്രനാക്കുന്നു.

നിന്നെയൊന്നു പുല്‍കുവാന്‍
എന്‍ നെഞ്ചകം തുടിയ്ക്കുന്നു.


എന്നെ കാണുന്ന മാത്ര-
വിറകൊള്ളുന്ന നിന്‍ അധരങ്ങള്‍
സ്നേഹം തുളുമ്പുന്ന കരിനീല മിഴികള്‍
പാദം വരെയെത്തും കാര്‍കൂന്തലും
കണ്ടിട്ടെന്‍ ഹൃദയം പിടയുന്നു.


നിന്‍ മൊഴിയൊന്നു കേള്‍ക്കുവാന്‍
എന്‍ കര്‍ണ്ണങ്ങള്‍ കൊതിക്കുന്നു.


കണ്ടുതീരാത്ത സ്വപ്നങ്ങള്‍ പോലെ
കേട്ടുമതിവരാത്ത ഈണം പോലെ
കരയെ പുണരുന്ന തിരപോലെ
നിനക്കെന്നോടുള്ള പ്രണയ-
ദീപം അണയാതിരിക്കട്ടെ!!

Read more...

അമ്മേ മാപ്പ്

അമ്മേ എനിയ്ക്കു മാപ്പു നിന്‍
ഗര്‍ഭപാത്രത്തിന്‍ ഇരുട്ടറയില്‍
കിടന്നു നിന്നെ ചവിട്ടിമെതിച്ചതിനു
അമ്മേ എനിയ്ക്കു മാപ്പ്.

എന്റെ ഭാരം പേറിയ
എനിക്കഭയം നല്‍കിയ
ഭൂമാതാവേ യെനിയ്ക്ക് മാപ്പു നിന്‍
മാറിടം ചവിട്ടിത്തകര്‍ത്തതിനു.

ഒരുകുപ്പി മദ്യത്തിനുവേണ്ടി
നിന്‍ മാനത്തിന്‍ വിലപേശിയതിനു
കുഞ്ഞുപെങ്ങളെ യെനിയ്ക്കു മാപ്പ്.

പ്രണയത്തിന്‍ നവമുകുളങ്ങള്‍
എനിയ്ക്കു തന്ന പ്രിയസതിയെ
നിന്നില്‍ കിളിര്‍ത്തതുപെണ്‍-
ഭ്രൂണമാണെന്നറിഞ്ഞപ്പോള്‍
ഹത്യ ചെയ്യിച്ചെനിയ്ക്കു മാപ്പ്.

ചരസിന്റെ മദ്യത്തിന്റെ ലഹരിയില്‍
കൊള്ളയുംകൊലയും ചെയ്യുമ്പോള്‍
പിടയുന്ന ജീവന്റെ തുടിപ്പുകള്‍
കാണുന്നതുന്മാദ ലഹരിയാണ്.

നന്ദിയുണ്ടേറെ യെനിയ്ക്കു നിന്നോടമ്മേ..
എന്നുള്‍ക്കണ്ണുതുറപ്പിച്ചതില്‍
മാംസ തീനികള്‍ അനുജത്തി തന്‍
ചാരിത്ര്യം പിച്ചിച്ചീന്തുന്ന
രോദനം കേള്‍പ്പിച്ചതില്‍.

അമ്മേ നിന്‍ ഗര്‍ഭപാത്രത്തില്‍ ജന്മം-
കൊണ്ടൊരീയസുരനു മാപ്പ്.

Read more...

Wednesday, December 1, 2010

കാരുണ്യത്തിന്റെ വഴി

ഇടരുന്ന ഹൃദയത്തിന്‍ നീറുന്ന
ചിലവാക്കുകളുരയാം.
അതെന്നാത്മാവിന്‍
തേങ്ങലാവാം.

കശേരുക്കളുടെ ദയാരാഹിത്യത്താല്‍
പൊട്ടിത്തകര്‍ന്ന നട്ടെല്ലില്‍
നാലതിര്‍ത്തിക്കുള്ളില്‍
കിടന്നുപിടയുമ്പോള്‍

ഒറ്റപ്പെടുത്തലിന്റെ രാക്ഷസതിരമാല
കരള്‍ഭിത്തിലാഞ്ഞടിച്ചു.
തിരയില്‍ പെട്ടുലയവെ ഒരുതുള്ളി
സ്നേഹത്തിന്‍ തെളിനീരുമായി വന്നവര്‍,

കൈ തന്നുയര്‍ത്തിയെന്നെ
സാന്ത്വനപാലകര്‍
ഇന്നെനിക്കുചുറ്റുമുണ്ടവര്‍ താങ്ങും,
തണലുമായി ജീവിതത്തിലുടനീളം

നാടിനും നാട്ടര്‍ക്കും
വീടിനും വീട്ടാര്‍ക്കും
അവശര്‍ക്കും നിരാലംബര്‍ക്കും
കണ്ണിലുണ്ണിയാം "പാലിയേറ്റീവ് കെയര്‍"..

Read more...

Sunday, November 14, 2010

അന്വേഷണം

തിരയുന്നു ഞാന്‍ സ്നേഹത്തെ.
അക്രമത്തിന്‍ ധ്വനികളോടു
ചോദിക്കൂ സ്നേഹമെവിടെ?
സ്നേഹംകൊതിക്കുന്ന മനുഷ്യനില്‍
അക്രമപ്പൂരിത-
ക്കൊടുങ്കാറ്റടിക്കുന്നു.
കാറ്റിന്റെ ശാന്തതയില്‍ തേടുന്നു
പിന്നേയും ഞാന്‍ സ്നേഹത്തെ
അധര്‍മ്മത്തിന്‍ കൈകളില്‍ കുടുങ്ങിയ
പിഞ്ചോമനകള്‍ പാടുന്നുവോ..
കേള്‍ക്കുവാന്‍ കാതുകള്‍ തേടിയപ്പോള്‍
ആയുധ ധ്വനികളിലടഞ്ഞ കര്‍ണ്ണങ്ങള്‍
സ്നേഹത്തെ തേടിയലയുന്ന മനസ്സുകള്‍
കേള്‍ക്കുന്നു മരണത്തിന്‍ ഗര്‍ജ്ജനങ്ങള്‍.
അധര്‍മ്മത്തിന്‍ തേരോട്ടത്തില്‍
ചലനമറ്റുവീഴുന്നു സ്നേഹങ്ങള്‍.
എവിടെ, ഇനി സ്നേഹമെവിടെ?
ശിരസറ്റുവീഴുന്ന മര്‍ത്യനോടു
ചോദിക്കാം സ്നേഹമെവിടെ????

Read more...

Wednesday, November 10, 2010

കൂരിരുട്ട്

നിലയ്ക്കാത്ത വേദനകള്‍
കൂരിരുട്ടിന്‍ മുറിയില്‍ നിന്നു
പൊട്ടിപ്പുറപ്പെട്ടു.
മുറവിളികള്‍,

ദീനരോദനങ്ങള്‍,
പഴിവാക്കുകള്‍,
സഹിക്കവയ്യാതവന്‍ പിടയുന്നു.
ആതുരസേവകന്‍ തന്‍

ദിനചര്യകള്‍ തുടരുന്നു.
പാതിനിലച്ച പ്രാണന്‍
ശേഷിപ്പൂ ജീവിത ഭാരം.
ബന്ധങ്ങള്‍ ബന്ധനങ്ങളാക്കി

ഉറ്റവരോ പൊട്ടിച്ചെറിയുന്നു.
കരള്‍ പിളര്‍ക്കും കാഴ്ചകള്‍
കണ്ണിനിരുള്‍ മൂടുന്നു.
നിസ്സഹായനായ്ഞാന്‍ പിടയുന്നു.

ദുരിതക്കയങ്ങളില്‍
മുങ്ങിത്താഴുന്നവന്‍
ചലനമറ്റെന്നറിയുമ്പോള്‍
വാഴ്ത്തുന്നു അവന്‍ മഹത്വങ്ങള്‍
പാടുന്നു സ്തുതിഗീതങ്ങള്‍.

Read more...