എന്റെ പ്രണയം
ആര്‍ത്തലച്ചു വരുന്ന തിരമാലകളെ നോക്കിയിരിക്കാന്‍ ആദ്യം കൗതുകമാണ് തോന്നിയത്.പിന്നെ പിന്നെ ഒരുഹരമായി മനസ്സിനു തോന്നിത്തുടങ്ങിയപ്പോള്‍ പല നിര്‍വചനങ്ങളും അതിനു നല്‍കാന്‍ തുടങ്ങി.നഷ്ടപ്പെടാന്‍ അനുവദിക്കാതെ കരയെ തന്നോടു തന്നെ ചേര്‍ത്തുപിടിക്കാന്‍ വ്യാഗ്രതകാട്ടുന്ന തിരകളെ ഒരു ഭ്രാന്തനെ പോലെ തോന്നിച്ചു.
തിരകള്‍ തന്റെ ഭ്രാന്ത് തുടര്‍ന്നുകൊണ്ടേയിരുന്നു.നോക്കിയിരുന്ന് സമയം പോയതറിഞ്ഞില്ല.പടിഞ്ഞാറ് അസ്തമിക്കാന്‍ തുടങ്ങുന്ന സൂര്യന്റെ രക്തശോഭകണ്ടാണ് ചിന്തയില്‍ നിന്നുണര്‍ന്നത്.പകല്‍ മുഴുവന്‍ മനുഷ്യന് വെളിച്ചം നല്‍കിയ സൂര്യന്‍ ചന്ദ്രന് വഴിമാറാനെന്നപോലെ പെട്ടെന്നെങ്ങോ താണുപോയി.
ആളുകള്‍ തീരം വിട്ടു പോയിതുടങ്ങുകയാണ്...സംസാരിച്ചും ആസ്വദിച്ചും ക്ഷീണിച്ചവര്‍ പരസ്പ്പരം കൈ കോര്‍ത്തുപിടിച്ചു നടക്കാന്‍ തുടങ്ങി.നേരം ഇരുട്ടുംതോറും കടപ്പുറം ആളൊഴിഞ്ഞ ശവപ്പറമ്പ് പോലെയാകാന്‍ തുടങ്ങി.കരയെ കെട്ടിപ്പിടിക്കാന്‍ പറ്റാത്തതിന്റെ അക്ഷമയെന്നോണം തിരകള്‍ കരയിലേക്ക് വീണ്ടും വീണ്ടും വന്നുകൊണ്ടേയിരുന്നു.കലിപൂണ്ട പ്രിയതമനെ ആശ്വസിപ്പിക്കാനെന്നോണം ഇളം കാറ്റ് വീശികൊണ്ടിരുന്നു.
ഞാനിനി എങ്ങോട്ടാണ് പോകേണ്ടതെന്ന ചിന്തയാണ് എന്നെ ഓര്‍മ്മയില്‍ നിന്നുണര്‍ത്തിയത്.തനിക്കുപോകാന്‍ ഒരിടവും തന്നെകാത്തിരിക്കാന്‍ ആരും ഇല്ലെന്നുള്ള സത്യം അവന്‍ ഒരു നൊമ്പരത്തോടെ ഓര്‍ത്തു.
ഓര്‍മ്മകള്‍ മൂര്‍ച്ചയുള്ള വാള്‍മുനയായി വന്ന് അവന്റെ മനസ്സിനെ മുറിപ്പെടുത്താന്‍ തുടങ്ങി.അവിടെ തനിക്കുണ്ടാക്കിവെച്ച ഭക്ഷണപൊതിയുമായി അമ്മ അവനെ വിളിക്കുന്നുണ്ടായിരുന്നു.കോളേജിലേക്ക് പൊതിച്ചോറുമായി പോകാനുള്ള മടികാരണം അമ്മയുണ്ടാക്കിയ പൊതിച്ചോറിന് ദിവസവും ഓരോ കുറ്റം കണ്ടെത്തി.അഛ്ചന്‍ അതിനൊന്നും പ്രതികരിക്കാറുണ്ടായിരുന്നില്ല.നിശബ്ദം നോക്കുകയും എന്നെ വീക്ഷിക്കുകയും മാത്രം ചെയ്തു.
കോളേജായിരുന്നു എന്റെ സ്വര്‍ഗം.ആ കലാലയവനികളില്‍ സാഫല്യമാകാതെ പോയ ഒരുപാട് പ്രണയങ്ങള്‍ നെടുവീര്‍പ്പിടുന്നുണ്ടാവും.അവിടെത്തെ കല്പടവുകളില്‍ ഒരുപാട് പ്രണയിനികളുടെ കണ്ണുനീര്‍ വീണിട്ടുണ്ടാകും.അറിയാതെയും പറയാതെയും പോയ പ്രണയത്തിന്റെ ആത്മാക്കള്‍ വീര്‍പ്പ്മുട്ടുന്നുണ്ടാവും.........
നിലാവുപെയ്യുന്ന നേരത്ത് രണ്ട് പേരും ഒരുമിച്ചിരുന്നതിന്റെ ഓര്‍മ്മകള്‍ക്ക് മകരമാസ മഞ്ഞിന്റെ കുളിര്‍മ്മയുണ്ട്.ആ മഞ്ഞില്‍ കുളിച്ചതിന്റെ നിര്‍വചിക്കാനാവാത്ത നിര്‍വൃതിയിലായിരുന്നു ഞാനും എന്റെ കലാലയവും.
ഷേക്സ്പിയറുടേയും വെഡ്സ് വെര്‍ത്തിന്റെയും പ്രണയകഥകള്‍ ആലീസ് മേഡം വാചാലയായി പറഞ്ഞു തരുമ്പോള്‍ ഞങ്ങള്‍ക്കുമുന്നില്‍ പ്രണയത്തിന്റെ പുതിയൊരു ലോകം തുറക്കുകയായിരുന്നു.ഇത് കലാലയത്തിലെ ഓരോ പ്രണയത്തേയും ആഴത്തില്‍ സ്വാധീനിച്ചിരുന്നു എന്നു വേണം പറയാന്‍.
അങ്ങനെ രണ്ട് വര്‍ഷം കഴിഞ്ഞു.ഇതിനിടയില്‍ ഞാന്‍ എന്നെ തന്നെ മറക്കുകയായിരുന്നു.അമ്മയുടെ പൊതിച്ചോറ്, അഛ്ചന്‍ എന്നോട് പറയാതെ ഉള്ളില്‍കൊണ്ട് നടന്ന സ്നേഹം അങ്ങനെയെല്ലാം.....
എന്നാണ് അവള്‍ എന്റെ മനസ്സിലേക്ക് കടന്നുവന്നതെന്ന് എനിക്കോര്‍മ്മയില്ല.അതുവരെ ഞാനവളോട് സംസാരിച്ചിട്ടില്ല. ഒരു പരിചയപ്പെടലോ ഒരു ചിരിയോ അങ്ങോട്ടുമിങ്ങോട്ടും ഉണ്ടായിട്ടില്ല.അവളെ കണ്ടത് ഒരു ഉച്ച സമയത്താണ്.നാല് പിരീഡുകള്‍ക്ക് ശേഷം കിട്ടിയ സമയം ഒരു മിനുട്ടുപോലും ഒഴിവാക്കാതെ വാതോരാതെ സംസാരിച്ചിരിക്കുന്നവര്‍ക്കിടയില്‍ നിന്നും അവളെങ്ങനെ എന്റെ ശ്രദ്ധയില്‍ പെട്ടു എന്നും എനിക്കറിയില്ല.അവള്‍ ഒരു പുസ്തകം വായിക്കുകയായിരുന്നു.അതു വായിക്കുകയാണെന്ന് പറയുവാന്‍ എന്റെ മനസ്സ് സമ്മതിക്കുന്നില്ല കാരണം. തനിക്കു ചുറ്റും നടക്കുന്നതൊന്നും അറിയാത്ത ഒരു മുഴുകലായിരുന്നു.ഞാന്‍ അവളെ ഒരുപാട് നേരമായി ശ്രദ്ധിക്കുന്നു എന്നു പോലും അവള്‍ അറിയുന്നില്ല എന്നതാണ് സത്യം.
പിന്നീട് ഒരു ദിവസം.ഓര്‍ക്കുമ്പോള്‍ കദനം കണ്ണീരായി പെയ്യുന്നു.കോളേജിലെ ആട്സ് ഡേ.അവള്‍ കവിത രചന മത്സരത്തിനുണ്ടായിരുന്നു.ഞാനും ഒരു രസത്തിനെന്നോണം ചേര്‍ന്നിരുന്നു.മത്സരം കഴിഞ്ഞു പോരുമ്പോള്‍ പോലും അവള്‍ എന്നെ നോക്കിയില്ല.ഒരുദിവസം രാവിലെ ഞങ്ങള്‍ രണ്ട് പേര്‍ മാത്രം ലൈബ്രറി റൂമില്‍ കണ്ടുമുട്ടി അപ്പോള്‍ അവള്‍ എന്നോട് ഒന്നു ചിരിച്ചു.ആ ചിരി ഒരു സ്വപ്നത്തിലെന്നോണം ഞാന്‍ ഇന്നും ഓര്‍ക്കുന്നു.ഇതിനിടയില്‍ ഞാന്‍ എന്റെ വീട്ടിലെ നിത്യ സന്ദര്‍ശകന്‍ മാത്രമായി.വീട്ടില്‍ നടക്കുന്നതൊന്നും ഞാന്‍ അറിഞ്ഞിരുന്നില്ല.അറിയാന്‍ ശ്രമിച്ചില്ലായിരുന്നു എന്നതാണ് സത്യം.
അവളോട് എന്താണ് തനിക്ക് താല്പര്യമെന്നു ചോദിച്ചാല്‍ എന്റെ കയ്യില്‍ നിങ്ങള്‍ക്ക് തരാന്‍ ഉത്തരങ്ങളൊന്നുമില്ല.അവള്‍ സുന്ദരിയായിരുന്നില്ല.നല്ല വസ്ത്രമായിരുന്നില്ല ധരിച്ചത്.എന്നിട്ടും അവളില്‍ ഒരു സൗന്ദര്യമുണ്ടായിരുന്നു.അവളുടെ കണ്ണുകളില്‍ നിറഞ്ഞ വാത്സല്യവും സ്നേഹവും ഉണ്ടായിരുന്നു. ആ കലാലയവനിയിലെ സുന്ദരജീവിതം ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. ഓര്‍മ്മയില്‍ ആരും ആരേയും മറക്കാതിരിക്കാന്‍ ഓട്ടോഗ്രാഫുകള്‍ പരസ്പ്പരം കൈമാറിക്കൊണ്ടിരുന്നു.ഞാനും എഴുതി.ഇതൊരു ഓട്ടോഗ്രാഫല്ല എന്റെ സ്നേഹമാണ്. ഇത് ഇനിയും നീട്ടിവെയ്ക്കാനെനിക്കു ശക്തിയില്ല.ഞാന്‍ എന്റെ മനസ്സ് ആ പേപ്പറിലേക്ക് മഷികൊണ്ട് ചേര്‍ത്തു.....അല്ല രക്തംകൊണ്ട് ചേര്‍ത്തു.ഞാനവളുടെ അടുത്തേക്ക് ചെന്നു.അവള്‍ അന്നു ചിരിച്ചത് എനിക്കോര്‍മ്മയുണ്ട്.ആ ചിരിയാണോ എന്നെ ഇവളോട് അടുപ്പിച്ചത് അതും എനിക്കറിയില്ല.വിറയാര്‍ന്ന കൈകളോടെ ഞാനത് അവളുടെ നേര്‍ക്കു നീട്ടി.അവള്‍ ആശ്ചര്യപ്പെട്ട് എന്നെ നോക്കി.ഇതൊന്നു വായിച്ചു നോക്കണമെന്നു മാത്രം പറഞ്ഞു.ഒരുപാട് പറയണമെന്നുണ്ടായിരുന്നു ഒന്നും പുറത്തേക്ക് വന്നില്ല.അവള്‍ അതുംകൊണ്ട് നടന്നു നീങ്ങി.കണ്ണില്‍ നിന്നും ആ ചിത്രം മറയുന്നത് വരെ ഞാന്‍ അവിടെ നോക്കി നിന്നു.വീട്ടില്‍ എനിക്കു സമാധാനം കിട്ടിയില്ല ചിന്ത മുഴുവന്‍ അവളായിരുന്നു.
കൂട്ടുകാരെല്ലാം പരസ്പ്പരം യാത്ര പറയുകയാണ്.മൂന്നു വര്‍ഷം ഒരുമിച്ചു പഠിച്ചും കളിച്ചും പിണങ്ങിയും ഇണങ്ങിയും.....വയ്യ ഒന്നും ചിന്തിക്കാന്‍ വയ്യ....എല്ലാവരും യാത്ര പറഞ്ഞിറങ്ങി ഇനി ഞാന്‍ മാത്രം ഒരുനിമിഷം കൂടി ഞാനാ കലാലയത്തേ നോക്കി നിന്നു........
ഇതിനിടയില്‍ ഞാന്‍ എഴുതിയ പരീക്ഷ ഞാന്‍ മറന്നു.രണ്ട് വിഷയത്തില്‍ പോയിരിക്കുന്നു.അമ്മുയുടെയും അഛ്ചന്റെയും മുന്നില്‍ ഞാന്‍ ഒന്നുമല്ലാതെയായി.ഇപ്പോള്‍ എല്ലാം മനസ്സിലാവുന്നു.അമ്മയുടെ സ്നേഹം,അഛ്ചന്റെ വാത്സല്യം എല്ലാം....പക്ഷെ ഇതെല്ലാം തിരിച്ചറിഞ്ഞപ്പോഴേക്കും അവര്‍ എന്നില്‍ നിന്നും അകന്നു പോയി.എനിക്ക് കയ്യും കണ്ണും എത്താത്ത അത്രയും ദൂരത്തേക്ക്.അഛ്ചന്‍ അവസാനമായി പറഞ്ഞ വാക്കുകള്‍ ഇന്നും എന്റെ കാതുകളില്‍ മുഴങ്ങുന്നുണ്ട്.
"നിന്നില്‍ ഞങ്ങള്‍ ഒരുപാട് സ്വപ്നം കണ്ടു...നിന്റെ വളര്‍ച്ചയില്‍ ഞങ്ങള്‍ ആശങ്കപെട്ടു...നിന്നെ ഉപദേശിക്കേണ്ട ആവശ്യം ഇല്ലെന്നു തോന്നി...പക്ഷെ ഞങ്ങള്‍ക്ക് തെറ്റുപറ്റിയെന്നു ബോധ്യമായി...എങ്കിലും സങ്കടമില്ല....സ്നേഹിക്കാനേ ഞങ്ങള്‍ക്കു കഴിയൂ...വൈകിയിട്ടില്ല ശരിയായ വഴി നിനക്കു മുന്നില്‍ ഉണ്ട്...നീയത് കണ്ടെത്തുക എന്നും വഴികാട്ടികളായി നിന്റെ കൂടെ ഞങ്ങള്‍ ഉണ്ടാവില്ല".
ഇന്ന് അവളെ കുറിച്ച് ഞാന്‍ വേദനയോടെ ഓര്‍ക്കുന്നു.എന്തിനാണവള്‍ എന്നില്‍ നിന്നും അകന്നത്.എന്റെ നെഞ്ചിലുള്ള സ്നേഹം അവള്‍ക്കുമുന്നില്‍ തുറന്നു കാട്ടന്‍ എന്തു കൊണ്ടാണവള്‍ അവസരം തരാഞ്ഞത്......അതെ..സ്നേഹം മനസ്സിലാക്കാന്‍ നാം പലപ്പോഴും വൈകുന്നു.....നേരം പാതിരാത്രിയായി.ഞാന്‍ പോവുകയാണ് എവിടേക്കെന്നറിയില്ല...ഈ ഭൂമിയില്‍ എല്ലായിടവും എന്റെ കൂടാണ്.ആ കൂട്ടിലെല്ലാം എന്റെ അമ്മ എനിക്കു വേണ്ടി പൊതിച്ചോറുമായി കാത്തിരിക്കുന്നുണ്ടാവും.
2 അഭിപ്രായങ്ങള്‍:
ഗംഭീരം..മാഷെ ..ഗംഭീരം ......ഇങ്ങനെ ഒക്കെ എഴുതാന്‍ അറിയുമായിരുന്നെന്കില്‍...............
മനസിലെ പ്രണയം... നഷ്ട്ടപെടലിന്റെ വിങ്ങലിലും ആ പ്രണയത്തിനു ഒരു സ്വാന്തനം പകരാനാകും
Post a Comment