Ind disable
Powered by Blogger.

Sunday, April 10, 2011

സ്വപനസാക്ഷാത്കാരം

ആരാണാവോ മലയാള ഭാഷ കണ്ടുപിടിച്ചത്.എഴുത്തഛചനാശാനേ എന്നോട് ക്ഷമിക്കൂ.ഹൃദയത്തിലെ വേദനകൊണ്ട് ചോദിച്ചു പോയതാണ്.ഞാനിന്ന് പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു അവസ്ഥയിലാണ്.സന്തോഷമാണോ അതോ ദുഃഖമാണോ..ഒന്നും എനിക്കറിയില്ല.ഒന്നു പറയാം എന്റെ ഒരു സ്വപ്ന സാക്ഷാത്കാരത്തിന്റെ ദിനമാണിന്ന്.ചിറകറ്റ സ്വപ്നങ്ങള്‍ക്ക് പുനര്‍ചിറകു നല്‍കിയവരോട് മനസ്സു തുറന്ന് ഒരു വാക്ക് പറയാന്‍ മലയാളത്തില്‍ ഒരു വാക്കിനു വേണ്ടി തപസ്സിരിക്കേണ്ടി വന്നല്ലോ.നിലവേരുണങ്ങിപ്പോയ ശിഖരങ്ങള്‍ കരിഞ്ഞു കൊണ്ടിരിക്കുന്ന ഒരു പടുവൃക്ഷമായിരുന്നു ഞാന്‍.ഇലകളും പൂക്കളും കനികളുമില്ലാതെ ഏതു നിമിഷവും നിലംപൊത്താറായ എന്റെ ജീവിതത്തിലേക്ക് ബ്ലോഗറായ മൈന ഉമൈ ബാന്‍ കടന്നു വരുന്നത്.കൈ വിട്ടു പോയ അക്ഷര കനികളെ തേടിയുള്ള അലച്ചിലിനിടയില്‍ ചന്ദനഗ്രാമം എന്ന മൈനയുടെ നോവലിലൂടെയാണ് അതിനു വഴി തെളിഞ്ഞത്.ആ പുസ്തകത്തില്‍ കണ്ട അഡ്രസ്സില്‍ ഒരു കത്തെഴിതി.പ്രിയപ്പെട്ട മൈനാ.."ഞാന്‍ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത്‌ ഐക്കരപ്പടി എന്ന സ്‌ഥലത്താണ്‌ താമസിക്കുന്നത്‌. എനിക്ക്‌ ചെറുപ്പം മുതലുള്ള ശീലമാണ്‌ വായന. എന്ത്‌ കിട്ടിയാലും വായിക്കണമെന്നുള്ള ആഗ്രഹക്കാരനായിരുന്നു ഞാന്‍. ഞാനൊരു ഡ്രൈവറായിരുന്നു. എങ്കിലും എല്ലാജോലിക്കും പോകുമായിരുന്നു. കിട്ടുന്ന കൂലിയില്‍ പകുതുയുല്‍ ഏറിയപങ്കും പുസ്‌തകങ്ങള്‍ വാങ്ങാന്‍ ചെലവഴിക്കുമായിരുന്നു.
ഇതൊക്കെ പറയാന്‍ കാരണം ഞാന്‍ ജോലിചെയ്യുന്നതിനിടയില്‍ മരത്തില്‍ നിന്നും വീണ്‌ നട്ടെല്ലിന്‌ ക്ഷതം പറ്റി അരക്ക്‌ താഴെ ചലനമില്ലാതെ മൂന്നു വര്‍ഷമായി കിടപ്പിലാണ്‌. ഇപ്പോള്‍ എനിക്ക്‌ പുസ്‌തകം വാങ്ങാന്‍ യാതൊരു വിധ മാര്‍ഗ്ഗവുമില്ല. വായനമാത്രമാണ്‌ ആകെയൊരാശ്വാസം. അതു കൂടി നഷ്ടപ്പെടുന്ന അവസ്ഥയാണ്‌.............ഒരു പുസ്‌തകം വായിക്കുമ്പോള്‍ ഒരു നല്ല സുഹൃത്തിനെ ലഭിക്കുന്നു. അങ്ങിനെ കിട്ടിയ ഒരു സുഹൃത്തെന്ന നിലക്ക്‌ ഞാന്‍ അപേക്ഷിക്കുകയാണ്‌ മറ്റ്‌ രചനകള്‍ ഉണ്ടെങ്കില്‍ അയച്ചുതന്ന്‌ എന്നെ സഹായിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു."
ഈ കത്തു കിട്ടിയ മൈന എന്നെ ഫോണില്‍ വിളിച്ചു വിവരങ്ങള്‍ അന്യേഷിച്ചു.അങ്ങിനെ അവര്‍ അവരുടെ ഒരു പുസ്തകവും കുറെ ലേഖനങ്ങളുടെ ഫോട്ടോസ്റ്റാറ്റും അയച്ചു തന്നു.പിന്നെ എന്റെ കത്ത് ബ്ലോഗില്‍ ഇടട്ടെ എന്നു ചോദിച്ചു.ബ്ലോഗ് എന്താണ് മെയില്‍ എന്താണ് ഒന്നും എനിക്കറിയില്ലായിരുന്നു.എങ്കിലും ഞാന്‍ സമ്മതം കൊടുത്തു പുസ്തകങ്ങള്‍ കിട്ടുമല്ലോ എന്ന സന്തോഷത്തില്‍.മൈനയുടെ ആ ബ്ലോഗ് വായിച്ച നല്ലവരായ സുഹൃത്തുക്കള്‍ കുറെ പുസ്തകങ്ങള്‍ അയച്ചു തന്നു.അവര്‍ തന്നെ എന്നെ വന്നു കണ്ട്.അവര്‍ വീണ്ടും എന്നെ പറ്റി ബ്ലോഗില്‍ എഴുതി.അങ്ങിനെ കയറിക്കിടക്കാന്‍ ഒരു തരി മണ്ണോ ഒരു കൂരയോ ഇല്ലാത്ത എനിക്ക് ഒരു വീടിനു വേണ്ടി ശ്രമം തുടങ്ങി.വളരെ പെട്ടെന്നു തന്നെ ആ ശ്രമം വിജയിക്കുകയും ചെയ്തു.അങ്ങിനെ എനിക്ക് ഒരു വീടായി.

 ഇതു മുമ്പ് കുറെ സംഘടനകള്‍ സഹായിക്കാന്‍ വന്നിരുന്നു.അവരൊക്കെ സഹായത്തിന്‌ നിബന്ധനകള്‍ വെയ്‌ക്കുന്നവര്‍ മാത്രമായിരുന്നു.എന്റെ ദൈന്യം പകര്‍ത്താന്‍ ഒരു ചാനല്‍ സംഘം എത്തിയ ദിവസമാണ്‌ അത്‌ സംഭവിച്ചത്‌. അരിയും പല വ്യഞ്‌ജനങ്ങളുമായി വന്ന മറ്റൊരു കൂട്ടരും അപ്പോള്‍ അവിടെയുണ്ടായിരുന്നു. അവര്‍ അന്ന്‌ മുഖം കറുപ്പിച്ചാണ്‌ പുറത്തേക്ക്‌ പോയത്‌. രണ്ട്‌ ദിവസം കഴിഞ്ഞ്‌ അവര്‍ വീണ്ടും വന്നു.
അവര്‍ പറഞ്ഞു, ചാനലും ആഴ്‌ചപ്പതിപ്പും ബ്ലോഗുമൊന്നും ദൈവമല്ല. പാലിയേറ്റീവ്‌ ക്ലിനിക്കും ദൈവമല്ല. ദൈവത്തോട്‌ പ്രാര്‍ഥിക്കണം. ദൈവമാണ്‌ നമുക്ക്‌ എല്ലാം തരുന്നത്‌. ഈ പുസ്‌തകങ്ങളൊക്കെ തരുന്നവരോട്‌ അതിന്‌ പകരം വല്ല അരിയും പച്ചക്കറിയുമൊക്കെ കൊണ്ടുവരാന്‍ പറഞ്ഞുകൂടെ? ഈ പുസ്‌തകങ്ങള്‍ വായിച്ചിട്ട്‌ എന്ത്‌ കിട്ടാനാണ്‌?ഇതൊക്കെയായിരുന്നു അവരുടെ നിബന്ധനകള്‍.പക്ഷെ ഇതൊന്നുമില്ലാതെ ജാതിയോ മതമോ നോക്കാതെ xഓ yഓ ഒന്നും അന്യേഷിക്കാതെ ഇത്രയും വലിയ കാരുണ്യം എന്നോട് കാണിച്ച ജീവിതത്തില്‍ മറക്കാനാവാത്ത ഈ മനുഷ്യ സ്നേഹികളോട് എന്തു പറയണമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ് ഞാന്‍.ദൈവമേ ഈ നിമിഷം നീയൊരു പുതിയ വാക്ക് ഇവരോട് പറയാനായി നീ സൃഷ്ടിച്ചെങ്കില്‍ ഞാനെത്ര ധന്യവാനായിരുന്നു.ദൈവാനുഗ്രഹം എങ്ങനെ കിട്ടുമെന്നും ദൈവം എങ്ങിനെ പ്രത്യക്ഷപ്പെടുമെന്നും എന്നോട് ചോദിച്ചാല്‍ നിസംശയം ദൈവഭയഭക്തിയോടെ ഈ മനുഷ്യസ്നേഹികളെ ഞാന്‍ ചൂണ്ടിക്കാണിക്കും.പ്രിയ മനുഷ്യസ്നേഹികളെ കാരുണ്യ നിധികളെ (ഞാന്‍ ആരേയും പേരെടുത്തു പറയുന്നില്ല.കാരണം ആരെയെങ്കിലും വിട്ടു പോകുമോ എന്ന് കരുതിയിട്ടാണ്)എനിക്കറിഞ്ഞുകൂടാ...എങ്ങനെയാ, ആര്‍ക്കൊക്കെയാ നന്ദി പറയേണ്ടതെന്ന്..അതിന് ഏതു വാക്കാണ് വേണ്ടതെന്ന്. ഭാഷയുടെ പരിമിതിയോര്‍ത്ത് ദുഖിക്കുന്നു.എന്നാലും ഈ അല്പജ്ഞാനിയുടെ ഹൃദയത്തിലെ നന്ദി നിങ്ങളെല്ലാവരേയും അറിയിക്കുന്നു.കൂടാതെ ഈ വരുന്ന പതിനേഴിന് പുതിയ വീടു താമസത്തിലേക്ക് നിങ്ങളെല്ലാവരേയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.ഒരിക്കല്‍ കൂടി നന്ദി.

24 അഭിപ്രായങ്ങള്‍:

അതിരുകള്‍/പുളിക്കല്‍ April 10, 2011 at 9:20 AM  

പ്രിയപ്പെട്ടവരെ ഇന്റര്‍നെറ്റില്‍ ബ്ലോഗെഴുത്തിനെ പുഛ്ചിതള്ളുന്നവരോട് ഞാന്‍ ഉറക്കെ പറയുന്നു.അവരും മനുഷ്യസ്നേഹികളാണ് കാരുണ്യനിധികളാണ്.അവര്‍ക്ക് ജാതിയോ മതമോ നോക്കാതെ എ ഗ്രൂപ്പും ബി ഗ്രൂപ്പും നോക്കാതെ മനുഷ്യരോട് ദയകാണിക്കാനുള്ള വിശാലമനസ്കതുയുണ്ടെന്ന്.

ajith April 10, 2011 at 11:51 AM  

ദൈവത്തിന് നന്ദി...
പ്രിയസഹോദരാ, ഇതുവരെ നിങ്ങളെപ്പറ്റി ഒരു ബ്ലോഗര്‍ എന്ന് മാത്രമേ ചിന്തിച്ചിരുന്നുള്ളു. ഇനി മുതല്‍ എന്റെ ഹൃദയത്തില്‍ ചേര്‍ത്തുവയ്ക്കുന്നു.

രമേശ്‌ അരൂര്‍ April 10, 2011 at 1:29 PM  

മുസ്തഫ ഞാനും അറിഞ്ഞിരുന്നില്ല താങ്കളെ പറ്റി
ഈ തുറന്നു പറച്ചില്‍ നന്നായി ..അല്ലെങ്കില്‍ വായന യുടെ ആദ്യ ഭാഗത്തെ മലയാള ഭാഷ കണ്ടു പിടിച്ചത് ആരാണ് എന്ന ചോദ്യത്തിന് ഞാന്‍ മനസ്സില്‍ ഒരു വഴക്കിടുന്ന മറുപടി കരുതിയതാണ് ,,മറ്റുള്ളവരുടെ കുറവുകള്‍ അറിയാതെ നമ്മള്‍ പലതും പറയും ,പ്രവര്‍ത്തിക്കും ..ഈ മനസില്ലാക്കി തരല്‍ എനിക്കൊരു പാഠമായി..നന്ദി മുസ്തഫ ..:)

മേല്‍പ്പത്തൂരാന്‍ April 10, 2011 at 4:12 PM  

മുസ്തഫയുടെ മോഹങ്ങൾ പൂവണിയട്ടെ ....ആശംസകൾ..!

mayflowers April 10, 2011 at 10:51 PM  

പ്രിയപ്പെട്ട മുസ്തഫ,
താങ്കളെപ്പറ്റി കൂടുതലറിഞ്ഞപ്പോള്‍ ഹൃദയത്തിലെന്തോക്കെയോ കിടന്ന് വിങ്ങിക്കൊണ്ടിരിക്കുന്നു..
ബൂലോകാമെന്ന മാധ്യമത്തെ കൂടുതല്‍ കൂടുതലാളുകള്‍ അറിയേണ്ടിയിരിക്കുന്നു..
"നിങ്ങള്‍ ഭൂമിയിലുള്ളവരെ സഹായിക്കുക,ആകാശത്തിലുള്ളവന്‍ നിങ്ങളെയും സഹായിക്കും.."(നബി വചനം)

സീത* April 10, 2011 at 11:35 PM  

ഏട്ടാ...വായിച്ചു കഴിഞ്ഞപ്പോ എന്താണെഴുതേണ്ടതെന്നറിയില്ലാ...സത്യസന്ധമായ അവതരണം...പ്രാർത്ഥിക്കാൻ ഇനിയീ പെങ്ങളുമുണ്ടെന്നു കരുതിക്കോളൂ

Unknown April 11, 2011 at 4:39 AM  

ഇപ്പോഴാണ് അറിയുന്നത്.
വീട്കൂടല്‍ സന്തോഷകരമാകട്ടെ..
ദൈവാനുഗ്രഹം എന്നുമുണ്ടാകട്ടെ ...
പ്രാര്‍ഥിക്കുന്നു..

പട്ടേപ്പാടം റാംജി April 11, 2011 at 9:41 AM  

ഒരു ബ്ലോഗര്‍ എന്നതിലപ്പുറം മറ്റൊന്നും അറിഞ്ഞിരുന്നില്ല. ഇപ്പോള്‍ തുറന്നെഴുതിയപ്പോള്‍ ഒരുപാട് അടുപ്പം തോന്നുന്നു.
വായിച്ചപ്പോള്‍ വല്ലാതെ പ്രയാസം തോന്നിയെങ്കിലും ഇനിയങ്ങോട്ട് നല്ലത് മാത്രം സംഭവിക്കട്ടെ.

MOIDEEN ANGADIMUGAR April 12, 2011 at 1:07 AM  

താങ്കളെപ്പറ്റി കൂടുതലറിഞ്ഞപ്പോൾ വേദന തോന്നി.ഒപ്പം ആശ്വാസവും. തുറന്നു പറഞ്ഞു ഇങ്ങനെയൊരു പരിചയപ്പെടുത്തൽ നന്നായി. എല്ലാവിധ ആശംസകളും നേരുന്നു.

അതിരുകള്‍/പുളിക്കല്‍ April 12, 2011 at 9:48 AM  

അജിത്ത്,രമേശ് അരൂര്‍,മേല്പത്തൂരാന്‍,mayflowers,സീത,ex-pravasini* ,പട്ടേപ്പാടം റാംജി ,moideen angadimugar ,നിങ്ങള്‍ ഈ കാണിക്കുന്ന സ്നേഹം വിലമതിക്കാനാവാത്തതാണ്.എന്നെ സ്നേഹിക്കാനും എന്നോട് കൂട്ടുകൂടാനും ഉള്ള ഈ മനസ്സുകളെ ആദരപൂര്‍വ്വം സ്വീകരിക്കുന്നു.നന്ദി

Anya April 13, 2011 at 11:23 PM  

Nice to see a house from your country
it looks so different like ours ;-)

എന്‍.പി മുനീര്‍ April 19, 2011 at 11:33 AM  

സ്വപ്ന സാക്ഷാല്‍ക്കാരത്തിന്റെ ഈ
മുഹൂര്‍ത്തത്തില്‍ എല്ലാ ആശംസകളും നേരുന്നു.
മുന്നോട്ടുള്ള ജീവിതം സുഗമമായിത്തീരാന്‍ പ്രാര്‍ത്ഥിക്കുന്നു

Yasmin NK April 21, 2011 at 12:00 AM  

ഞാന്‍ പറഞ്ഞില്ലേ മുസ്തഫാ എല്ലാം നടക്കുമെന്ന്.ഇനി താങ്കള്‍ക്കും എഴുന്നേറ്റ് നടക്കാന്‍ കഴിയും. ദൈവം വലിയവനാണു.

പതിനേഴിനു എനിക്ക് വരാന്‍ പറ്റിയില്ല.എന്നാലും ഞങ്ങളുടെ പ്രാര്‍ത്ഥനകളില്‍ നിങ്ങളുണ്ടാകും എന്നും.സ്നെഹത്തോടേ

ഷാഫി April 23, 2011 at 2:09 AM  

മുസ്‌തഫയുടെ വീടിനെപ്പറ്റി ചന്ദ്രിക വാരാന്തപ്പതിപ്പില്‍ വന്ന ലേഖനം
http://nattuvazhiyil.blogspot.com/2011/04/blog-post_23.html

ഒരു യാത്രികന്‍ April 23, 2011 at 8:11 AM  

മുസ്തഫാ..എല്ലാ വിവരങ്ങളും അറിഞ്ഞു. ഒരു പാട് സന്തോഷം. എന്നെങ്കിലും വന്നു കാണാന്‍ ശ്രമിക്കും. പ്രാര്‍ത്ഥനകളോടെ.........സസ്നേഹം

Muneerinny- ഇരുമ്പുഴി May 12, 2011 at 8:45 AM  

ബ്ലോഗ്ഗ് വായിച്ചു..
നന്നായിരിക്കുന്നു..
ആശംസകൾ!!!

Manoraj May 15, 2011 at 8:14 AM  

മുസ്തഫയുടെ വീട്ടിലേക്കുള്ള നിരക്ഷരന്റെയും ലതിചേച്ചിയുടേയും യാത്രയില്‍ അവരോടൊപ്പം തുഞ്ചന്‍ പറമ്പിലെ ബ്ലോഗ് മീറ്റിലേക്ക് ഞാനുമുണ്ടായിരുന്നു. മുസ്തഫയെ കുറിച്ച് നേരത്തെ കേട്ടിട്ടുണ്ട്. മുസ്തഫയുടെ ചില പോസ്റ്റുകള്‍ വായിച്ചിട്ടുമുണ്ട്..നന്മ വരട്ടെ സുഹൃത്തേ..

Unknown May 15, 2011 at 11:40 AM  

....ഒരായിരം നന്മകള്‍ ഉണ്ടാകട്ടെ

നിരക്ഷരൻ May 15, 2011 at 12:01 PM  

സർവ്വേശ്വരൻ ഇനിയും അത്ഭുതങ്ങൾ കാണിക്കുമാറാകട്ടെ.

Jefu Jailaf July 7, 2011 at 12:53 AM  

മുസ്തഫക്ക.. നിഷ്കലങ്ങനായ താങ്കള്‍ക്ക് അവകാശപ്പെട്ടത് തന്നെയാണ് ഈ സ്വപ്ന സാക്ഷാത്കാരം.. സര്‍വ്വേശ്വരന്‍ ടുനക്കട്ടെ. പ്രാര്‍ഥനയോടെ

മഹേഷ്‌ വിജയന്‍ October 10, 2011 at 2:27 AM  

പ്രിയ മുസ്തഫാ,

വൈകിപ്പോയതിന് ആദ്യമേ തന്നെ ഞാന്‍ ക്ഷമ ചോദിക്കട്ടെ, ഇപ്പോള്‍ മാത്രമാണ് ഞാന്‍ താങ്കളെ ശ്രദ്ധിക്കുന്നത്...
താങ്കളുടെ ബ്ലോഗിലെ രചനകള്‍ വായിക്കുന്നത്.. ഹൃദയത്തില്‍ കരുണയും സന്മനസ്സും ഉള്ള കുറെ പേരെ ഇന്ന് ഞാന്‍ കണ്ടു...
വായനയോടൊപ്പം എന്തെങ്കിലും ഒക്കെ എഴുതുക..അതൊരു ആശ്വാസം ആകും...
എന്റെ എല്ലാവിധ പ്രാര്‍ത്ഥനകളും ഒപ്പം ഉണ്ടാകും...
വീണ്ടും വരാം...

സസ്നേഹം
മഹേഷ്‌