Ind disable
Powered by Blogger.

Monday, November 7, 2011

അഗ്നി

ആദ്യ കാഴ്ചയില്‍ തന്നെ
നീ യൊരഗ്നിയാണെന്നറിഞ്ഞു
കലാലയ യവനികയിലും നീ തന്നെ
അഗ്നിത്തിളക്കമായി
നിന്നിലേക്കടുക്കാനുള്ള
വഴികളിലെല്ലാം കനലെരിഞ്ഞു
പ്രണയത്തിലും നീ തീ മഴ പെയ്തു
കതിര്‍ മണ്ഡപത്തിലും
എഴുതിരി വിളക്കിനേക്കാളിരട്ടി വെളിച്ചം
ഒടുവില്‍ ജീവന്റെ
താളപ്പിഴവിലും നീയൊരഗ്നിയായി.

Read more...

Sunday, April 10, 2011

സ്വപനസാക്ഷാത്കാരം

ആരാണാവോ മലയാള ഭാഷ കണ്ടുപിടിച്ചത്.എഴുത്തഛചനാശാനേ എന്നോട് ക്ഷമിക്കൂ.ഹൃദയത്തിലെ വേദനകൊണ്ട് ചോദിച്ചു പോയതാണ്.ഞാനിന്ന് പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു അവസ്ഥയിലാണ്.സന്തോഷമാണോ അതോ ദുഃഖമാണോ..ഒന്നും എനിക്കറിയില്ല.ഒന്നു പറയാം എന്റെ ഒരു സ്വപ്ന സാക്ഷാത്കാരത്തിന്റെ ദിനമാണിന്ന്.ചിറകറ്റ സ്വപ്നങ്ങള്‍ക്ക് പുനര്‍ചിറകു നല്‍കിയവരോട് മനസ്സു തുറന്ന് ഒരു വാക്ക് പറയാന്‍ മലയാളത്തില്‍ ഒരു വാക്കിനു വേണ്ടി തപസ്സിരിക്കേണ്ടി വന്നല്ലോ.നിലവേരുണങ്ങിപ്പോയ ശിഖരങ്ങള്‍ കരിഞ്ഞു കൊണ്ടിരിക്കുന്ന ഒരു പടുവൃക്ഷമായിരുന്നു ഞാന്‍.ഇലകളും പൂക്കളും കനികളുമില്ലാതെ ഏതു നിമിഷവും നിലംപൊത്താറായ എന്റെ ജീവിതത്തിലേക്ക് ബ്ലോഗറായ മൈന ഉമൈ ബാന്‍ കടന്നു വരുന്നത്.കൈ വിട്ടു പോയ അക്ഷര കനികളെ തേടിയുള്ള അലച്ചിലിനിടയില്‍ ചന്ദനഗ്രാമം എന്ന മൈനയുടെ നോവലിലൂടെയാണ് അതിനു വഴി തെളിഞ്ഞത്.ആ പുസ്തകത്തില്‍ കണ്ട അഡ്രസ്സില്‍ ഒരു കത്തെഴിതി.പ്രിയപ്പെട്ട മൈനാ.."ഞാന്‍ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത്‌ ഐക്കരപ്പടി എന്ന സ്‌ഥലത്താണ്‌ താമസിക്കുന്നത്‌. എനിക്ക്‌ ചെറുപ്പം മുതലുള്ള ശീലമാണ്‌ വായന. എന്ത്‌ കിട്ടിയാലും വായിക്കണമെന്നുള്ള ആഗ്രഹക്കാരനായിരുന്നു ഞാന്‍. ഞാനൊരു ഡ്രൈവറായിരുന്നു. എങ്കിലും എല്ലാജോലിക്കും പോകുമായിരുന്നു. കിട്ടുന്ന കൂലിയില്‍ പകുതുയുല്‍ ഏറിയപങ്കും പുസ്‌തകങ്ങള്‍ വാങ്ങാന്‍ ചെലവഴിക്കുമായിരുന്നു.
ഇതൊക്കെ പറയാന്‍ കാരണം ഞാന്‍ ജോലിചെയ്യുന്നതിനിടയില്‍ മരത്തില്‍ നിന്നും വീണ്‌ നട്ടെല്ലിന്‌ ക്ഷതം പറ്റി അരക്ക്‌ താഴെ ചലനമില്ലാതെ മൂന്നു വര്‍ഷമായി കിടപ്പിലാണ്‌. ഇപ്പോള്‍ എനിക്ക്‌ പുസ്‌തകം വാങ്ങാന്‍ യാതൊരു വിധ മാര്‍ഗ്ഗവുമില്ല. വായനമാത്രമാണ്‌ ആകെയൊരാശ്വാസം. അതു കൂടി നഷ്ടപ്പെടുന്ന അവസ്ഥയാണ്‌.............ഒരു പുസ്‌തകം വായിക്കുമ്പോള്‍ ഒരു നല്ല സുഹൃത്തിനെ ലഭിക്കുന്നു. അങ്ങിനെ കിട്ടിയ ഒരു സുഹൃത്തെന്ന നിലക്ക്‌ ഞാന്‍ അപേക്ഷിക്കുകയാണ്‌ മറ്റ്‌ രചനകള്‍ ഉണ്ടെങ്കില്‍ അയച്ചുതന്ന്‌ എന്നെ സഹായിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു."
ഈ കത്തു കിട്ടിയ മൈന എന്നെ ഫോണില്‍ വിളിച്ചു വിവരങ്ങള്‍ അന്യേഷിച്ചു.അങ്ങിനെ അവര്‍ അവരുടെ ഒരു പുസ്തകവും കുറെ ലേഖനങ്ങളുടെ ഫോട്ടോസ്റ്റാറ്റും അയച്ചു തന്നു.പിന്നെ എന്റെ കത്ത് ബ്ലോഗില്‍ ഇടട്ടെ എന്നു ചോദിച്ചു.ബ്ലോഗ് എന്താണ് മെയില്‍ എന്താണ് ഒന്നും എനിക്കറിയില്ലായിരുന്നു.എങ്കിലും ഞാന്‍ സമ്മതം കൊടുത്തു പുസ്തകങ്ങള്‍ കിട്ടുമല്ലോ എന്ന സന്തോഷത്തില്‍.മൈനയുടെ ആ ബ്ലോഗ് വായിച്ച നല്ലവരായ സുഹൃത്തുക്കള്‍ കുറെ പുസ്തകങ്ങള്‍ അയച്ചു തന്നു.അവര്‍ തന്നെ എന്നെ വന്നു കണ്ട്.അവര്‍ വീണ്ടും എന്നെ പറ്റി ബ്ലോഗില്‍ എഴുതി.അങ്ങിനെ കയറിക്കിടക്കാന്‍ ഒരു തരി മണ്ണോ ഒരു കൂരയോ ഇല്ലാത്ത എനിക്ക് ഒരു വീടിനു വേണ്ടി ശ്രമം തുടങ്ങി.വളരെ പെട്ടെന്നു തന്നെ ആ ശ്രമം വിജയിക്കുകയും ചെയ്തു.അങ്ങിനെ എനിക്ക് ഒരു വീടായി.

 ഇതു മുമ്പ് കുറെ സംഘടനകള്‍ സഹായിക്കാന്‍ വന്നിരുന്നു.അവരൊക്കെ സഹായത്തിന്‌ നിബന്ധനകള്‍ വെയ്‌ക്കുന്നവര്‍ മാത്രമായിരുന്നു.എന്റെ ദൈന്യം പകര്‍ത്താന്‍ ഒരു ചാനല്‍ സംഘം എത്തിയ ദിവസമാണ്‌ അത്‌ സംഭവിച്ചത്‌. അരിയും പല വ്യഞ്‌ജനങ്ങളുമായി വന്ന മറ്റൊരു കൂട്ടരും അപ്പോള്‍ അവിടെയുണ്ടായിരുന്നു. അവര്‍ അന്ന്‌ മുഖം കറുപ്പിച്ചാണ്‌ പുറത്തേക്ക്‌ പോയത്‌. രണ്ട്‌ ദിവസം കഴിഞ്ഞ്‌ അവര്‍ വീണ്ടും വന്നു.
അവര്‍ പറഞ്ഞു, ചാനലും ആഴ്‌ചപ്പതിപ്പും ബ്ലോഗുമൊന്നും ദൈവമല്ല. പാലിയേറ്റീവ്‌ ക്ലിനിക്കും ദൈവമല്ല. ദൈവത്തോട്‌ പ്രാര്‍ഥിക്കണം. ദൈവമാണ്‌ നമുക്ക്‌ എല്ലാം തരുന്നത്‌. ഈ പുസ്‌തകങ്ങളൊക്കെ തരുന്നവരോട്‌ അതിന്‌ പകരം വല്ല അരിയും പച്ചക്കറിയുമൊക്കെ കൊണ്ടുവരാന്‍ പറഞ്ഞുകൂടെ? ഈ പുസ്‌തകങ്ങള്‍ വായിച്ചിട്ട്‌ എന്ത്‌ കിട്ടാനാണ്‌?ഇതൊക്കെയായിരുന്നു അവരുടെ നിബന്ധനകള്‍.പക്ഷെ ഇതൊന്നുമില്ലാതെ ജാതിയോ മതമോ നോക്കാതെ xഓ yഓ ഒന്നും അന്യേഷിക്കാതെ ഇത്രയും വലിയ കാരുണ്യം എന്നോട് കാണിച്ച ജീവിതത്തില്‍ മറക്കാനാവാത്ത ഈ മനുഷ്യ സ്നേഹികളോട് എന്തു പറയണമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ് ഞാന്‍.ദൈവമേ ഈ നിമിഷം നീയൊരു പുതിയ വാക്ക് ഇവരോട് പറയാനായി നീ സൃഷ്ടിച്ചെങ്കില്‍ ഞാനെത്ര ധന്യവാനായിരുന്നു.ദൈവാനുഗ്രഹം എങ്ങനെ കിട്ടുമെന്നും ദൈവം എങ്ങിനെ പ്രത്യക്ഷപ്പെടുമെന്നും എന്നോട് ചോദിച്ചാല്‍ നിസംശയം ദൈവഭയഭക്തിയോടെ ഈ മനുഷ്യസ്നേഹികളെ ഞാന്‍ ചൂണ്ടിക്കാണിക്കും.പ്രിയ മനുഷ്യസ്നേഹികളെ കാരുണ്യ നിധികളെ (ഞാന്‍ ആരേയും പേരെടുത്തു പറയുന്നില്ല.കാരണം ആരെയെങ്കിലും വിട്ടു പോകുമോ എന്ന് കരുതിയിട്ടാണ്)എനിക്കറിഞ്ഞുകൂടാ...എങ്ങനെയാ, ആര്‍ക്കൊക്കെയാ നന്ദി പറയേണ്ടതെന്ന്..അതിന് ഏതു വാക്കാണ് വേണ്ടതെന്ന്. ഭാഷയുടെ പരിമിതിയോര്‍ത്ത് ദുഖിക്കുന്നു.എന്നാലും ഈ അല്പജ്ഞാനിയുടെ ഹൃദയത്തിലെ നന്ദി നിങ്ങളെല്ലാവരേയും അറിയിക്കുന്നു.കൂടാതെ ഈ വരുന്ന പതിനേഴിന് പുതിയ വീടു താമസത്തിലേക്ക് നിങ്ങളെല്ലാവരേയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.ഒരിക്കല്‍ കൂടി നന്ദി.

Read more...

Saturday, April 2, 2011

ഒരു ഫൂള്‍ ഡേ

തമാശകളും പറ്റിക്കലും എല്ലാം ഒരു രസം തന്നെയാണ്.പക്ഷെ അത് എപ്പോള്‍ ആരുടെ അടുത്ത് പ്രയോഗിക്കണം എന്നത് വളരെ ഗൗരവമായി തന്നെ ശ്രദ്ധിക്കണം.അല്ലെങ്കില്‍ ചില താമാശകള്‍ വരുത്തിവെക്കുന്ന വിന വളരെയധികം വലുതായിരിക്കും.ഇന്ന് നമുക്ക് എല്ലാം ആഘോഷങ്ങളാണ്.ഓരോ ദിവസത്തിനും ഓരോ ദിനപ്പേരും അതിനായി നാം കണ്ടെത്തിയിരിക്കുന്നു.മേയ്ദിനം മുതല്‍ ചരമദിനം വരെ.അതില്‍പ്പെട്ട ഒരു ദിനം ഇന്നലെ കഴിഞ്ഞു പോയി.വിഢ്ഡിദിനം.എന്തിനാണ് ഇങ്ങനെയൊരു ദിനം നാം ആഘോഷിക്കുന്നത്..? സത്യത്തില്‍ നാം വിഢ്ഡികളാണോ..?ഏപ്രില്‍ ഒന്ന് നമുക്ക് വിഢ്ഡികളാകുനുള്ള ദിവസമാണോ..?അങ്ങിനെയാണെങ്കില്‍ ഒരു പ്രത്യേക ദിവസമെന്തിന് നമ്മള്‍ എന്നും വിഢ്ഡികളല്ലേ..(ആരും എന്നെ കാല്ലെറിയല്ലേ ഞാനൊന്നു പറഞ്ഞോട്ടെ)ദൈവം നമുക്ക് തന്ന സമ്പത്ത്,സ്വധീനം,സൗന്ദര്യം,ശക്തി,ബുദ്ധി,ഇവയൊക്കെ കണ്ടു നാം അഹങ്കരിക്കുന്നത് തന്നെ ഒരു വിഢ്ഡിത്വമല്ലേ.ഇതൊന്നും ഇല്ലാതാക്കാന്‍ ആ ദൈവത്തിനു ഒരു നിമിഷം പോലും വേണ്ട.അതിനു ഉദാഹരണമായി നാം എന്തെല്ലാം കാണുന്നു.ഈ ഏപ്രില്‍ ഒന്നിനു ഞാന്‍ കണ്ട ഒരു ഏപ്രിഫൂള്‍.ആ ഫൂളാക്കലില്‍ എത്ര പേര്‍ ചിരിച്ചെന്നറിയേണ്ടേ.ഒരു കുടുംബം. അല്ല അനേകം കുടുംബമാണ് പൊട്ടിക്കരഞ്ഞത്.തൊട്ടടുത്ത വീട്ടിലെ കുടുംബനാഥനെ ഫൂളാക്കി എന്നന്നേക്കുമായി ഉറക്കി കിടത്തി.ഇനി ഒരിക്കലും അയാള്‍ വിഢ്ഡിയാവുകയില്ല അതുറപ്പാണ്.ബുദ്ധിയുള്ളവരുടെ ലോകത്ത് വിഢ്ഡിയാക്കപ്പെടുകയില്ലല്ലോ.ഏപ്രില്‍ ഒന്നിനു രാവിലെ വീട്ടിലേക്ക് വന്ന ഫോണില്‍ തന്റെ കാലന്‍ കുടിയിന്നത് പാവം ആ മനുഷ്യന്‍ അറിഞ്ഞില്ല.കല്യാണം കഴിഞ്ഞു ഒരു വര്‍ഷത്തിനിടയില്‍ രണ്ടു പ്രാവശ്യം തെറ്റിപ്പിരിഞ്ഞു വന്ന മകളെ നാട്ടുകാര്‍ ഇടപെട്ട് വീണ്ടും കൂട്ടി യോജിപ്പിച്ചു വിട്ടിട്ട് ഒരാഴ്ച ആവുന്നതേയുള്ളൂ.ആ വീടിന്റെ അയല്പക്കത്തു നിന്നുമാണ് ഫോണ്‍ വരുന്നത്.വിളിച്ചുപറഞ്ഞ കാര്യമോ...നിങ്ങളുടെ മകള്‍ തൂങ്ങി മരിച്ചിരിക്കുന്നു.നെഞ്ചില്‍ ഒരല്പം മെങ്കിലും സ്നേഹമുള്ള മാതാപിതാക്കള്‍ ഈ വാര്‍ത്ത കേട്ടാല്‍ എന്താകും അവസ്ഥ.നെഞ്ചു പൊട്ടി ചത്തു പോകും അല്ലേ.നടന്നതും അതു തന്നെ.വായിലെ വാക്കും കയ്യിലെ കല്ലും വിട്ടു കഴിഞ്ഞാല്‍ ആയുധമാണ്.ഇതു പോലെ എത്ര പേരെ ഫൂളാക്കി കിടത്തിക്കാണും ബുദ്ധിയുള്ളവര്‍ അല്ലെ.തമാശകള്‍ പറയുമ്പോഴും മറ്റുള്ളവരെ ഫൂളാക്കുമ്പോഴും ഒരല്പം ചിന്തിക്കു അത് അവരെ എങ്ങനെ ബാധിക്കുമെന്ന്.

Read more...

Wednesday, March 9, 2011

കൂടുമാറ്റം

അവളെ ഞാന്‍ ആദ്യമയി കാണുന്നത് ഒരു മഴക്കലത്താണ്.ഒരു ചീഞ്ഞുനാറുന്ന വെള്ളക്കെട്ടിനടുത്ത് നിറയെ ചെളിയികുളിച്ചു നില്‍ക്കുന്ന അവളെയാണ് എല്ലാവരുംകൂടി എന്നെ ഏല്പിക്കാന്‍ പോകുന്നത്.അവളെ കണ്ട മാത്രയില്‍ തന്നെ എനിക്കു മനം മടുത്തു.അവളുടെ അടുത്തേക്ക് അടുക്കും തോറും ദുര്‍ഗന്ധം സഹിക്കാന്‍ കഴിയാതെയായി.ഞാന്‍ ബ്രോക്കറോടു പറഞ്ഞു."നമുക്ക് വേറെ നോക്കാം ഇവള്‍ ശരിയാവില്ല"  അപ്പോള്‍ ബ്രോക്കര്‍ "സുഖമില്ലാത്ത നിനക്ക് വേറെ എവിടെ കിട്ടാന്‍ ഇതു തന്നെ ഞാന്‍ അവരുടെ കയ്യും കാലും പിടിച്ചിട്ടു കിട്ടിയതാണ്.പുറമേ നോക്കണ്ട ഉള്ള് നല്ല വിശാലമുള്ളവളാണ്.പിന്നെ വൃത്തികേട് അതു നല്ല സോപ്പും പൊടിയോ പനോയിലോ ഇട്ടു കുളിപ്പിച്ചാല്‍ മതി നല്ല സുന്ദരിയാവും.സ്ഥിരമായി കൂടെ കഴിയാനല്ലല്ലോ താല്‍ക്കാലികമല്ലേ...അതിനു ഇവള്‍ തന്നെ ധാരാളം.ഇവള്‍ക്ക് കാശും കുറവാണ്." എന്തു തന്നെ പറഞ്ഞിട്ടും എനിക്ക് അവളെ ഇഷ്ടമാകുന്നില്ല.അവസാനം സുഹൃത്ത് പരഞ്ഞു.നീ തല്‍ക്കാലം എല്ലം സഹിക്ക് വേറെ ഒരുത്തിയെ കണ്ടുപിടിക്കുന്നത് വരെയെങ്കിലും അങ്ങിനെ ഞാന്‍ അവളെ തന്നെ സ്വീകരിക്കേണ്ടി വന്നു.എല്ലരുംകൂടി ഒരു ദിവസം അവളെ കുളിപ്പിച്ച് സുന്ദരിയാക്കി.പച്ച പാവാടയും വെള്ള ബ്ലൗസ്സും ധരിച്ച് അവള്‍ നില്‍ക്കുന്നത് കണ്ടപ്പോള്‍ എനിക്ക് അവളിലേക്ക് പ്രവേശിക്കാന്‍ തിടുക്കം തോന്നി.ഞാന്‍ പുതുക്കെ അവളുടെ അടുത്തേക്ക് ചെന്നു.ഇപ്പോള്‍ നല്ല സുഗന്ധമാണുള്ളത്.എനിക്ക് ഒന്നു കിടക്കാന്‍ കൊതിയായി.ഞാന്‍ അവളുടെ ഉള്ളിലേക്ക് വലിഞ്ഞു കേറി.ആ പൂമുഖം എനിക്ക് വല്ലാതങ്ങിഷ്ടപ്പെട്ടു.പിന്നെ നെഞ്ചിലേക്ക് നോക്കിയപ്പോള്‍  ആ ഹ പറയേണ്ട.ആ നെഞ്ചിലെനിക്ക് ഫുട്ബോള്‍ കളിക്കാന്‍ തോന്നി.പതുക്കെ ഞാന്‍ ആ നെഞ്ചിലേക്ക് പ്രവേശിച്ചു.അവള്‍ എതിര്‍പ്പൊന്നും കാണിച്ചില്ല.നല്ല സഹകരണം.അന്നുമുതല്‍ ഞാന്‍ അവളെ എന്റെ ഹൃദയത്തോടു ചേര്‍ത്ത് സ്നേഹിക്കാന്‍ തുടങ്ങി.പക്ഷെ ഈ സ്നേഹം ഇനി അധികം നീട്ടികൊണ്ടു പോകാനാവില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ മനസ്സില്‍ വല്ലാത്തൊരു നൊമ്പരം.ചിലപ്പോള്‍ എനിക്ക് ഇവളോട് ദേഷ്യം തോന്നും കാരണം ഇവളുടെ മുഖവും നെഞ്ചും അല്ലാതെ മറ്റൊന്നും എനിക്ക് കാണിച്ചു തന്നിട്ടില്ല രണ്ട് വര്‍ഷമായി ഞാന്‍ അവളുടെ കൂടെ കഴിയുന്നു.ഒരുപാട് പ്രാവശ്യം ഞാന്‍ തിനിഞ്ഞിറങ്ങിയതാണ് ഒന്നു മുഴുവനും കാണാന്‍.പക്ഷെ അവള്‍ സമ്മതിക്കേണ്ടേ..? ചില ഭാഗങ്ങളില്‍ എനിക്ക് പ്രവെശനം വിലക്കിയിരിക്കുകയാണ്. അതാണ് എനിക്ക് അവളോട് ദേഷ്യം.ഏതായാലും ഇനി അവള്‍ എനിക്ക് ഒന്നും കാണിച്ചുതരേണ്ട.എനിക്കയ് ഒരുവള്‍ എല്ലാം കണിച്ചു തരാനും എന്നെ അവളിലേക്ക് ചേര്‍ക്കാനും തയ്യാറായികൊണ്ടിരിക്കുകയാണ്.അങ്ങനെ ഞാനീ വാടക വീടിനോട് വിടപറഞ്ഞ് പുതിയ വീട്ടിലേക്ക് താമസം മാറ്റുമ്പോള്‍ നിങ്ങളെല്ലാവരും വരണം  മറക്കരുത്.....!!! 

Read more...

Sunday, February 27, 2011

വാര്‍ദ്ധക്യം ഒരു ശാപമാണോ

പ്രിയവായനക്കാരെ!!
                ഇന്നലെ രാവിലെ  എനിക്കുവന്ന ഒരു കോളാണ് ഇങ്ങിനെ ഒരു ബ്ലോഗ് എഴുതാന്‍ കാരണം.രാവിലെ തന്നെ ഒരു സുഹൃത്ത് വിളിച്ചിട്ട് ചോദിക്കുവാ.."നിനക്ക് പരിചയമുള്ള വൃദ്ധ സദനം ഉണ്ടോ എന്റെ അഛ്ച്ചനെ താമസിപ്പിക്കാനാണ്" ഇതു കേട്ട് ഞാന്‍ വല്ലാതെയായിപ്പോയി.ഞാന്‍ പറഞ്ഞു."ഒന്നു ആലോചിക്കട്ടെ"ഞാന്‍ പിന്നെ ചിന്തിച്ചത് വൃദ്ധ സദനത്തെ പറ്റിയല്ല.വലിച്ചെറിയല്‍ സംസ്ക്കാരം സ്വന്തം ജീവിതത്തിലേക്ക് പകര്‍ത്തിയ നമ്മള്‍ ഉപയോഗശൂന്യയവയെ വലിച്ചെറിയാന്‍ പഠിച്ചു.പക്ഷെ ഈ സംസ്ക്കാരം നമ്മുടെ ജീവിതത്തിലെ സ്നേഹ ബന്ധങ്ങളെ അല്ലെങ്കില്‍ രക്തബന്ധങ്ങളെ എത്രമാത്രം കൊട്ടുറപ്പില്ലാതെയാക്കിയിട്ടുണ്ടെന്ന് നാം എപ്പോഴെങ്കിലും ഒന്നു വിശകലനം ചെയ്തിട്ടുണ്ടോ..?
                  ജീവിതത്തിന്റെ നെരിപ്പോടുകളില്‍ ഉമിത്തീയായി എരിഞ്ഞുകൊണ്ട് തനിക്ക് ചൂടും വെളിച്ചവും പകര്‍ന്നു തന്ന അച്ചനെയും അമ്മയെയും അവരുടെ ചോരയും നീരും വറ്റിയ ശരീരം ഇന്നു നമുക്ക് സ്റ്റൈല്‍ പോര,വാര്‍ദ്ധക്യത്തില്‍ ഉണ്ടാകാവുന്ന രോഗങ്ങള്‍ കൂടി വന്നാല്‍ ആ മാതാപിതാക്കളുടെ ഗതി പറയുകയും വേണ്ട.കല്ലിനും മുള്ളിനും കൊടുക്കാതെ താഴെ വെച്ചാല്‍ ഉറുമ്പരിക്കും തലയില്‍ വെച്ചാല്‍ പേനരിക്കും എന്നിങ്ങനെ സദാ സമയവും തന്റെ ഹൃദയത്തില്‍ തീ കോരി നിറച്ച് തന്റെ മക്കളുടെ സുഖത്തിനുവേണ്ടി ആഹോരാത്രം ജീവിച്ചു തീര്‍ത്ത ആ രണ്ട് ജീവികളെ വൃദ്ധസദനങ്ങളിലേക്കും അനാഥാലയങ്ങളിലേക്കും വലിച്ചെറിയാന്‍ വെമ്പല്‍ കൊള്ളുകയാണ് നമ്മള്‍.
                 മക്കള്‍ക്ക് ജീവിക്കാന്‍ തന്റെ ആത്മാവും ശരീരവും മറന്നുകൊണ്ട് പുതിയ മേച്ചില്‍പുറങ്ങള്‍ തീര്‍ത്തു കൊടുക്കുന്ന മാതാപിതാക്കളെ ഇന്നത്തെ യുവത്വങ്ങള്‍ പാടെ വിസ്മരിക്കപ്പെട്ടു പോകുന്നുവോ..?ഇന്ന് വാനോളം ഉയര്‍ന്നുകൊണ്ടിരിക്കുന്ന സുഖസങ്കേതങ്ങളില്‍ സ്വാര്‍ത്ഥതയും താന്‍പോരിമയും സ്നേഹം എന്ന കണ്ണികൊണ്ട് വിളക്കിച്ചേര്‍ക്കാന്‍ സാധിക്കതെ പോകുന്നു.
                 താന്‍ ഉണ്ണാതെ തന്റെ മക്കളെ ഊട്ടിയും ഉറങ്ങാതെ മക്കളെ ഉറക്കിയും വളര്‍ത്തി വലുതാക്കിയ അഛ്ച്ചനും അമ്മക്കും ഇന്ന് മക്കളുടെ പക്കല്‍ ഒരു പാഴ്വസ്തുവിന്റെ സ്ഥാനമാണോ ഉള്ളത്.ഇതിനിടയില്‍ ഞാന്‍ എന്നെ പറ്റിയും ആലോചിച്ചുപോയി.ഊന്നു വടിയുടെ സഹായത്തോടെ നടക്കുന്ന ഒരു അഛ്ച്ചനെയാണ് ഇന്ന് മകന്‍ വലിച്ചെറിയാന്‍ തുനിഞ്ഞിറങ്ങിയതെങ്കില്‍ നാളെ അതിനു പോലും കഴിയാത്ത എന്റെ ഗതിയെന്താകും.ഇങ്ങനെ ചിന്തിച്ചു കാടുകയറിയ എനിക്കു കിട്ടിയ ഉത്തരം ഒരു നെടുവീര്‍പ്പാണ്.മനുഷ്യനായി ജനിച്ചുപോയാല്‍ വാര്‍ദ്ധക്യം ഒരു ശാപമാണോ..?അന്യസദനങ്ങളിലേക്ക് വലിച്ചെറിയുന്നത് നമ്മുടെ സ്നേഹമാണെന്ന ബോധം ഇനിയും നമ്മളില്‍ തിരിച്ചുവരാത്തതെന്താണ്.

Read more...

Friday, February 18, 2011


പേടിക്കേണ്ട ഷറ്റല്‍ കളിക്കുകയല്ല കോഴിക്കോട് മെഡി:കോളേജില്‍ നിന്നും കൊതുകിനെ പിടിക്കുകയാണ്

Read more...

Wednesday, February 16, 2011

സ്നേഹപൂര്‍വ്വം മകള്‍ക്ക്

ഒരു നീണ്ട യാത്രതന്‍

ശേഷമായെത്തിയ

ഇളംതെന്നലിന്‍ കുളിര്‍മ്മയില്‍

കണ്മുന്നില്‍ തെളിഞ്ഞുവോ..

സുഖമുള്ളരോര്‍മ്മയായ്

ജീവിതത്താളുകള്‍.


ഓര്‍മ്മയിലോരോന്നെഴുതിത്തുടങ്ങി ഞാന്‍.

തെളിയുന്ന ദൈന്യത

കുത്തിക്കുറിച്ചു ഞാന്‍.

ഭാഷയ്ക്കു ശുദ്ധി-

ല്ലക്ഷരവടിവില്ല.

കഥയോ?ഇതു കവിതയോ..?

അറിയില്ല,എനിക്കറിയില്ല.


ഞാനൊരക്ഷരജ്ഞാനിയല്ല

കൂട്ടരെ,ഞാനൊരു കവിയല്ല.

ജീവനില്‍ തൊട്ടൊരു വേദനപ്പാടുകല്‍

നിങ്ങളോടോതുകയാണു ഞാന്‍.


എന്റെ ഒരേയൊരു മകള്‍

സ്നേഹാര്‍ദ്രയായ മകള്‍

സൂര്യോദയത്തിന്റെ കാന്തിയും

ചെമ്പനീര്‍ പുഷ്പത്തിന്റെ ശോഭയും

ഒരുമിച്ചു കിട്ടിയ മകള്‍

നിഷ്ക്കളങ്കതയുടെ നിറകുടമായവള്‍.


എന്റെ ഹൃദയത്തിന്‍ തിരുമുറ്റത്തു

സ്നേഹോല്‍സവം തീര്‍ത്തവള്‍

കുഞ്ഞുകരംകൊണ്ടെന്‍

വിരല്‍തുമ്പു പിടിച്ചു

പിച്ചവെച്ചൊരോമനാള്‍ കുഞ്ഞു മകള്‍.


കുഞ്ഞരിപ്പല്ലുകള്‍ കാട്ടിയുള്ള പുഞ്ചിരിയും

നെഞ്ചിലെ ചൂടുപറ്റി നിദ്രയില്‍ പൂണ്ടതും

താമരപൂവിതള്‍ പോലുള്ളധരങ്ങളാല്‍

ചുംബനം തന്നതും ചെറുതേന്‍ പുരട്ടിയതും

ഇന്നുമെന്റെ ഓര്‍മ്മയില്‍ തെളിയുന്നു.


ഓരോ ദിവസവും ഞാനറിയാതെന്റെ

ആത്മാവ് നിന്നെ തേടിയെത്തുന്നു

നീ കിടക്കും ശ്മശാനത്തിലെ മണ്‍കൂനയില്‍

അഛ്ചായെന്ന വിളിയൊന്നുകേള്‍ക്കാന്‍.


സ്നേഹിച്ചു ലാളിച്ചു കൊതി തീരു-

മുമ്പെന്നെ തനിച്ചാക്കി

ഉണരാത്ത നിദ്രയുടെ ആഴങ്ങളില്‍

മുങ്ങിയതെന്തിനു മകളെ.??

Read more...

Friday, February 11, 2011

ദുരന്തം



എത്രയോ ദുരന്തങ്ങള്‍ കണ്ടു ഞാന്‍
മഹാപ്രപഞ്ചത്തില്‍ മരണത്തിന്‍ മണം പേറി
നാലുകാലില്‍ ഇഴയുന്നു
ചിലര്‍ തപ്പിത്തടയുന്നു അന്ധരായ്
ദുരന്തപ്പൊരുള്‍ തേടി
അലയുന്നു ഏകനായി ഞാന്‍.

മര്‍ത്യന്റെ രക്തം കൊണ്ടു
തിളയ്ക്കുന്ന ഭൂമിയെ
പാപക്കറ കഴുകിക്കളയാന്‍
കലിതുള്ളുന്ന കടല്‍ത്തിരകള്‍.

കോടാനുകോടി മുപ്പത്തിമുക്കോടി
ദൈവങ്ങളേകസ്വരത്തിലരുളി
മത ജാതി ഭേതത്തില്‍ കലഹിക്കല്ലേ..

എന്നിട്ടെന്തു ഫലം ഭൂമിയില്‍
നാലുകാലുള്ള മൃഗങ്ങളില്‍ ചിലര്‍                       
രണ്ടുകാലില്‍ നിവര്‍ന്നു നിന്നങ്ങനെ
സംഹാരതാണ്ഡവമാടിത്തുടങ്ങി.
എല്ലാം കണ്ടുഞാന്‍ നഗ്ന നേത്രത്താല്‍.

ദുരന്തപ്പൊരുള്‍ തേടിയ ഞാനോ
ജാതി ഭേദത്തില്‍ കലഹിക്കെല്ലെന്നരുളിയ
ദൈവമോ പടു വിഢ്ഡി...?

Read more...